ഉപഭോക്താവിന് ഇരുട്ടടിയെന്ന തലക്കെട്ടോടുകൂടി ഇന്ധനവിലയില്‍ പ്രതികരിച്ച് മുഖപ്രസംഗമെഴുതിയ മാധ്യമങ്ങള്‍ മോദിസര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിക്കാന്‍ മത്സരിക്കുകയായിരുന്നു. ”എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്” എന്നതായിരുന്നു മാതൃഭൂമിയുടെ മുഖപ്രസംഗം. കേന്ദ്രസര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുന്നു, നരേന്ദ്രമോദി കൊള്ളയടിക്കുന്നു എന്നിങ്ങനെ ശരാശരി ഇന്ത്യക്കാരന്റെ ആത്മരോഷം വര്‍ദ്ധിപ്പിക്കാനുതകുന്ന പദപ്രയോഗങ്ങളാണ് വിമര്‍ശനങ്ങളുടെ കുന്തമുനകളായി ഇക്കൂട്ടര്‍ ഉയര്‍ത്തിയത്. മഹാമാരിയായ കൊറോണ വൈറസിന്റെ സംക്രമണത്തില്‍ ലോകം സാമ്പത്തികമായി കൂപ്പുകുത്തുമ്പോഴും മോദി സര്‍ക്കാരിനെ ഇത്ര രൂക്ഷമായി വിമര്‍ശിക്കാന്‍ വിമര്‍ശകരെ പ്രേരിപ്പിച്ചത് മോദിയെ വെറുതെ വിടരുതെന്ന മുന്‍വാദം മാത്രമോ അതോ ബോധപൂര്‍വ്വമായ ഹിഡന്‍ അജണ്ടയോ?
ആര് ആരെയാണ് കൊള്ളയടിക്കുന്നത്? മോദി കൊള്ളയടിക്കുന്നെന്ന് പറയുമ്പോള്‍ സര്‍ക്കാരും ജനങ്ങളും രണ്ടാണോ? മോദി സ്വന്തം സമ്പാദ്യം ഉണ്ടാക്കുന്നുണ്ടോ? ഇത് വിശദീകരിക്കാതെ, പറയാതെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും, വിദ്വേഷവും ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നെന്നു പറയുമ്പോള്‍ ജനങ്ങള്‍ക്ക് ഒന്നും കൊടുക്കാതെ ജനങ്ങളെ ചൂഷണം ചെയ്ത് സര്‍ക്കാരിലെ ഉന്നതര്‍ കൊഴുത്ത് വീര്‍ക്കുന്നു എന്നാണ് ചിന്തിക്കുക. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില്‍പ്പന കുറയുമെന്നും എന്നാല്‍ ലാഭം കുറയാന്‍ പാടില്ലെന്നുമുള്ള കഴുകന് ചിന്തയാണ് ഇന്ധനവില വര്‍ദ്ധനവിന്റെ പിന്നിലെ ഉദ്ദേശമെന്നാണ് മാതൃഭൂമിയുടെ മുഖപ്രസംഗത്തിലെ ഹീനമായ വിമര്‍ശനം. വാസ്തവത്തില്‍ മാധ്യമ വിചാരണകളില്‍ ഒന്നിലും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജീവനക്കാരുടെ ഡിഎ വര്‍ദ്ധനവിനെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ലാത്തത് കൗതുകകരമാണ്. ഏകദേശം 14,500 കോടി രൂപ സര്‍ക്കാരിന് അധിക ചെലവ് വരുന്നതും 1.13 കോടി കുടുംബങ്ങളിലെ തൊഴിലാളികള്‍ക്ക് 17 ശതമാനം മുതല്‍ 21 ശതമാനം വരെ ശമ്പളവര്‍ദ്ധനവ് ലഭിക്കുന്നതുമായ 4 ശതമാനം ഡിഎ വര്‍ദ്ധനവാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കൊറോണ ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതനുസരിച്ച് ഉപഭോക്താവിന് വില കുറച്ച് ഇന്ധനം നല്കാന് ലോകരാജ്യങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. യുഎസ്, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന് തുടങ്ങിയ മുന്‍നിര സമ്പദ്ഘടനകളുള്ള രാജ്യങ്ങളിലെല്ലാം സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രതീതിയാണിപ്പോള്‍. ആഗോളതലത്തില്‍ ഓഹരി വിപണി തകര്‍ച്ചയെ നേരിടുകയാണ്. ഏകദേശം 20 ശതമാനം നഷ്ടമാണ് കഴിഞ്ഞ രണ്ടാഴ്ച രേഖപ്പെടുത്തിയത്. വിദേശവിനിമയ വിപണിയില്‍ കൊറോണ ഭീതിയെ തുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയും ധനവിനിമയ ഇടപാടുകള്‍ യുഎഇ എക്സ്ചേഞ്ചുകള്‍ അടക്കം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് സാമ്പത്തിക ഭദ്രതയോടെ ജനങ്ങളെ സംരക്ഷിക്കുകയെന്ന നയമാണ് ഗൗരവമായി ചിന്തിക്കുന്ന ഏത് ജനകീയ സര്‍ക്കാരും നടപ്പാക്കുക. അതാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതും. നിലവിലുണ്ടായിരുന്ന ഇന്ധനവില കൂടിയിട്ടില്ലെന്ന് മാത്രമല്ല വര്‍ദ്ധിച്ച എക്സൈസ് തീരുവ ഖജനാവില്‍ കരുതല്‍ നിക്ഷേപമായി ശേഖരിക്കുകയും അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നു.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ സുരക്ഷിതരാക്കി അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ഇത് രാജ്യത്തെ സംബന്ധിച്ച് അധിക ചെലവാണ്. സാമ്പത്തിക അടിയന്തരാവസ്ഥ ലോകത്ത് ഉണ്ടാകാന്‍ ഇടയുള്ള കാലങ്ങളില്‍ സര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലാതെ വന്നാല്‍ രാജ്യത്ത് അരാജകത്വവും ക്ഷാമവും ആയിരിക്കും ഫലം. ട്രഷറികളും ബാങ്കുകളും അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് രാജ്യം എത്തിയാല്‍ ഇന്ധന വില കുറച്ചില്ലെന്ന് ഇന്ന് വാദിക്കുന്നവര്‍ ഏതു രീതിയിലായിരിക്കും പ്രതികരിക്കുക. സര്‍ക്കാരിനെ പാപ്പരാക്കി ഇന്ത്യയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ധനവിലയുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുന്നത്. യെസ് ബാങ്കിന്റെ തകര്‍ച്ചയും ബാങ്കുകളിലെ കിട്ടാക്കടവും മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനും ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കോടികള്‍ കിട്ടാകടമായി കടം കൊടുത്ത് ബാങ്കുകളെ പാപ്പരാക്കിയ യുപിഎ സര്‍ക്കാരിനെതിരെ ഇന്നുവരെ ഇവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടേയില്ല. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ പ്രസ്താവന ചര്‍ച്ച ചെയ്തതുമില്ല. ശക്തമായ നിയമങ്ങളിലൂടെ കിട്ടാക്കടം പിടിച്ചെടുത്ത് 9 ശതമാനം കടം കുറച്ച മോദിയെ പ്രതിയായി ചിത്രീകരിക്കുന്ന രാഷ്ട്രീയതന്ത്രം തന്നെയാണ് യുപിഎ സര്‍ക്കാര്‍ വിലകുറച്ച് ഇന്ധനം നല്‍കിയെന്ന അവകാശ വാദത്തിന് പിന്നിലും.
സാധാരണ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ പലതും അറിയില്ലെങ്കിലും മാധ്യമ വിശാരദന്മാര്ക്ക് യുപിഎ ഭരണകാലത്തുണ്ടാക്കിയ കടപ്പത്ര കടബാധ്യതയെ കുറിച്ച് അറിവില്ലേ? ഇന്ധനമേഖലയിലെ സബ്സിഡിക്കുവേണ്ടി രണ്ട് ലക്ഷം രൂപയുടെ ഓയില്‍ ബോണ്ട് കടപ്പത്രം ഇറക്കി കടബാദ്ധ്യത ഉണ്ടാക്കിയത് യുപിഎ സര്‍ക്കാരാണ്. കടപ്പത്ര കടബാദ്ധ്യതയായി 1.44 കോടി രൂപയും പലിശയായി 77,000 കോടി രൂപയും അടക്കം രണ്ട് ലക്ഷം കോടി രൂപയുടെ കടബാധ്യത തീര്‍ത്തത് മോദി സര്‍ക്കാരാണ്. ഇന്ധന എക്സൈസ് തീരുവയില്‍ നിന്നാണ് ഈ തുക തിരിച്ചടച്ചത്. ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ മാത്രമാണ് തീരുവ വര്‍ധിപ്പിക്കാന്‍ കഴിയുക. ഇത് ഉപഭോക്താക്കള്‍ക്ക് വീതിച്ച് കൊടുത്താല്‍ ഇന്ധനത്തിന്റെ ഉപയോഗം കൂടുമെന്നല്ലാതെ അത് കമ്പോളത്തില്‍ പ്രതിഫലിക്കാനും ഇടയില്ല.
എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടിയത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് വാദിക്കുന്നവരുണ്ട്. യുപിഎ ഭരിക്കുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഇന്ധനവില തന്നെയാണ് ഇപ്പോഴും ഉപഭോക്താവ് കൊടുക്കുന്നത്. യുപിഎയുടെ കാലത്ത് 11.8 ശതമാനം വരെ പണപ്പെരുപ്പം വര്‍ധിച്ചിരുന്നെങ്കില്‍ ഇന്ന് 2.26 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നു. പണപ്പെരുപ്പത്തിന്റെ വര്‍ധനവിലാണ് വിലകയറ്റത്തിന്റെ മൊത്തവില സൂചിക കയറുന്നതും ഇറങ്ങുന്നതും. ഇന്ധനവില ഒരേപോലെ നില്‍ക്കുമ്പോഴും പണപ്പെരുപ്പം കുറച്ച് മൊത്തവില കുറയുന്ന സാമ്പത്തിക നേട്ടമാണ് മോദി സര്‍ക്കാര്‍ കൈവരിക്കുന്നത്. 2018ല്‍ ലോകസാമ്പത്തിക രംഗത്ത് 9-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2019ല്‍ അഞ്ചാം സ്ഥാനത്ത് എത്തിയതും ശ്രദ്ധയോടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ നേട്ടമാണ്. ജിഡിപി 2.97 ട്രില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിച്ചതോടെ അമേരിക്കയും ചൈനയും ജര്‍മ്മനിയും ജപ്പാനും കഴിഞ്ഞാല്‍ അഞ്ചാംസ്ഥാനമായി ലോകസാമ്പത്തിക രംഗത്ത് ഇന്ത്യ ഉയര്‍ന്നു. ക്രയവിക്രയ ശക്തിയില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ കൈവരിച്ച നേട്ടത്തെ അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.
സാമ്പത്തികവും സാമൂഹ്യവുമായി രാജ്യത്തെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കി രാജ്യത്തെ നയിക്കുകയാണ് വേണ്ടത്. മോദി സര്‍ക്കാര്‍ ചെയ്യുന്നതും അതാണ്. പിണറായി വിജയന് അവകാശവാദം ഉന്നയിച്ച് ആഘോഷിക്കുന്ന ലൈഫ് പദ്ധതി അടക്കം പലതും മോദി സര്‍ക്കാരിന്റെ വീക്ഷണവും പണവുമാണെന്ന് അറിയാത്തവര്‍ ആരാണുള്ളത്. ക്രൂഡ് ഓയില്‍ വില കുറയുന്നതനുസരിച്ച് ഇന്ധനവില കുറയ്ക്കുമ്പോള്‍ ഇന്ധന ഉപഭോഗം കൂടുകയും ഡോളറിന് ലാഭവും രൂപക്ക് നഷ്ടവും ഉണ്ടാകുന്നു. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. പ്രത്യേകിച്ച് കൊറോണ ഭീതി മൂലം രൂപയുടെ മൂല്യം കുറയുന്ന ഈ കാലഘട്ടത്തില്‍ ഇത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
മോദി സര്‍ക്കാരിന്റെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഒരിക്കല്‍ പോലും സര്‍ക്കാരിനെ പ്രശംസിച്ച് മുഖപ്രസംഗം എഴുതാത്തവരാണ് ഇപ്പോള്‍ വിമര്‍ശന കുന്തമുനകളും കൊളളയടിവാദവും ഉയര്‍ത്തുന്നത്. ഒരു കാര്യം വ്യക്തമാണ്, കൊള്ളയടിച്ചതിന്റെ പേരില്‍ മോദിസര്‍ക്കാരിലെ ഒരു മന്ത്രിയും കോടതിയിലോ ജെപിസിയുടെ മുന്നിലോ പ്രതികളാകേണ്ടിവന്നിട്ടില്ല, ഇനി വരികയുമില്ല.
അഡ്വ. ബി. ഗോപാലകൃഷ്ണന്
(ബിജെപി വക്താവാണ് ലേഖകന്‍)
94470 32898
പ്രതികരിക്കാൻ ഇവിടെ എഴുതുക: