പാലക്കാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളില്‍ കര്‍ശന നടപടിക്ക്. പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലേക്കുള്ള കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ അത്യാവശ്യ സാധനങ്ങളായ പാല്‍, പെട്രോള്‍, ഡീസല്‍, പച്ചക്കറികള്‍, മരുന്നുകള്‍, ആംബുലന്‍സ്, ഗ്യാസ് കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് വാഹനങ്ങള്‍, നിഷേധിക്കാന്‍ പറ്റാത്ത കാര്യവുമായി വരുന്ന വാഹനങ്ങള്‍, പൊതുജനങ്ങളുടെ ആവശ്യത്തിനായി മാത്രം നാമമാത്ര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടും. വാഹനങ്ങളില്‍ വരുന്നവരെ മുഴുവനുംപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
അതിര്‍ത്തിയിലെ ഒന്‍പത് ചെക്‌പോസ്റ്റുകളും അടക്കുവാന്‍ ഇന്നലെ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാജാമണി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളം ഇടപെട്ടതിനെ തുടര്‍ന്ന്് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ചീഫ് സെക്രട്ടറി കെ.ഷണ്‍മുഖവും ചെക് പോസ്റ്റുകള്‍ പൂര്‍ണമായും അടച്ചിടരുതെന്ന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് കളക്ടര്‍ തീരുമാനം പിന്‍വലിച്ചു. എല്ലാ വാഹനങ്ങളും പരിശോധിച്ച് അണുനാശിനി തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തി വിടുക. റവന്യൂ, പോലീസ്,ട്രാന്‍സ്‌പോര്‍ട്ട്, ആരോഗ്യവകുപ്പ് ഇവ സംയുക്തമായാണ് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്‌ക്ക് നേതൃത്വംനല്‍കുന്നത്.
കേരളത്തിലേക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള പാലക്കാട് ഡിപ്പോ വഴിയുള്ള നാല്‍പതോളം ടിഎന്‍സിസി ബസുകളാണ് രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: