ര്ലഖ്നൗ: കൊറോണ ഭീതിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ദിവസ വേതനക്കാരെ സംരക്ഷിക്കാന്‍ മെഗാ പദ്ധതിയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്. സംസ്ഥാനത്തെ ദിവസ വേതനക്കാരായ 15 ലക്ഷം പേര്‍ക്കും, 20.37 ലക്ഷം കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കും 1000 രൂപ വീതം അനുവദിക്കാനാണ് യൂപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ട് എത്തിച്ചേരുന്ന വിധത്തിലായിരിക്കും പദ്ധതി ക്രമീകരിക്കുന്നത്. കോടികള്‍ ചെലവുവരുന്ന പദ്ധതി നടപ്പായാല്‍ രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതിയാകും യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് നടപ്പാക്കുന്നത്. ഇന്നലെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്.
ഇതോടൊപ്പം ക്ഷേമ പെന്ഷന് വാങ്ങുന്ന 85 ലക്ഷം പേര്‍ക്ക് ഏപ്രില്‍-മെയ് മാസത്തെ പെന്ഷന് മുന്‍കൂറായി നല്‍കുമെന്നും തൊഴിലുറപ്പ് പദ്ധതിക്കാര്‍ക്ക് ഇതുവരെ നല്‍കാത്തതടക്കം മുഴുവന്‍ പ്രതിഫലവും മാര്‍ച്ചില്‍ത്തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഉടന്‍ കാര്‍ഡ് നല്‍കും. ഇവര്‍ക്ക് 20 കിലോ ഗോതമ്പും 15 കിലോ അരിയും സൗജന്യമായി ലഭ്യമാക്കും.
കൊറോണയെ ചെറുക്കാന്‍ പഴുതടച്ച ജാഗ്രതാ പ്രവര്‍ത്തനത്തിലാണ് യോഗി സര്‍ക്കാര്‍. ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ മെട്രോ സ്റ്റേഷനുകളും സംസ്ഥാന, നഗര ബസ് സര്‍വീസുകളും ഇന്ന് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും പരിഭ്രമിക്കേണ്ടെന്നും വിപണിയില്‍ അവശ്യ സാധനങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും യോഗി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായത് ഉത്തര്‍പ്രദേശിലാണ്. 23 പേര്‍ക്കാണ് ഇന്നലെ വരെ യുപിയില്‍ രോഗം സ്ഥിരീകരിച്ചതെങ്കില്‍ അതില്‍ ഒന്‍പതു പേര്‍ക്ക് രോഗം സുഖപ്പെട്ടുവെന്ന് യുപി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് കൊറോണ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഉത്തര്‍ പ്രദേശ്. സ്കൂളുകളും പൊതു കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും, ആരാധനാലയങ്ങളും ഉള്‍പ്പെടെ ഏപ്രില്‍ നാലു വരെ അടച്ചിടാനാണ് യുപി സര്‍ക്കാരിന്റെ ഉത്തരവ്. ദിവസക്കൂലിക്കാരായ തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും ജീവിത സാഹചര്യം പരിശോധിക്കാനായി മാത്രം കൃഷി മന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവരുടെ പ്രത്യേക സമിതി യുപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
മൂന്ന് ദിവസം കൂടുമ്പോള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന വിധത്തിലാണ് സമിതി പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ അനുസരിച്ചാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ തയാറാക്കുകയാണ് സര്‍ക്കാര്‍. അടിയന്തിര ഘട്ടത്തെ നേരിടാനായി എല്ലാ മുന്‍കരുതലുകളും ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: