ഗുവാഹത്തി: കൊറോണ വൈറസ് ബാധ അസമിലും സ്ഥിരീകരിച്ചു. നാല് വയസ്സുള്ള പെണ്‍കുട്ടിയിലാണ് ആദ്യ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ജോര്‍ഹത്തിലെ മെഡിക്കല്‍ കോളേജില്‍ കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുട്ടിയുടെ കുടുംബാംഗങ്ങളെയും ക്വാറന്റൈനില്‍ ആക്കി. വടക്കു കിഴക്കന്‍ ഇന്ത്യയിലെയും ആദ്യത്തെ കൊറോണ വൈറസ് കേസാണിത്.
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 330 കടന്നു. ഇതില്‍ 63 കേസുകള്‍ വെള്ളിയാഴ്ചയും 40 കേസുകള്‍ ശനിയാഴ്ചയുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കുട്ടിയുടെ സാംപിളുകള്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇന്നുച്ചയോടെ പരിശോധനാ ഫലം ലഭിക്കും. കുടുംബത്തിന്റെ റൂട്ട് മാപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 19നാണ് കുഞ്ഞും അമ്മയും ബീഹാറില്‍ നിന്ന് ജോര്ഹട്ടിലെത്തിയത്. കുട്ടി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു.
രണ്ട് അമേരിക്കന്‍ ടൂറിസ്റ്റുകള്‍ അടുത്തിടെ അസം വഴി ഭൂട്ടാനിലേക്ക് പോയിരുന്നു. ഇന്ത്യയിലെത്തിയ ശേഷമാണ് ഈ അമേരിക്കക്കാര്‍ രോഗ ലക്ഷണങ്ങള്‍ കാട്ടിയത്. ഇതിലൊരാള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: