ഇടുക്കി: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവാലിറ്റി ടു ആനിമല്‍സ്) മാനേജിങ് കമ്മിറ്റി എടുക്കാനുള്ള ശ്രമം പാളി. എസ്പിസിഎ ഇടുക്കി മാനേജിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രീതിയിലല്ലെന്ന് കാട്ടി സ്വകാര്യ വ്യക്തി കഴിഞ്ഞ മാസം ഉത്തരവ് വാങ്ങുകയായിരുന്നു. എന്നാല്‍, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയില്‍ കോടതി ഉത്തരവ് വസ്തുതകള്‍ കാണിക്കാതെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്ന് കണ്ടെത്തി തള്ളുകയായിരുന്നു.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിര്‍ദേശം ലംഘിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കീഴിലേക്ക് എസ്പിസിഎ മാനേജിങ് കമ്മിറ്റി മാറ്റിയതെന്ന വാദം കോടതി അംഗീകരിച്ചു. ഇത് പ്രകാരം ജില്ലാ കളക്ടറുടെ കീഴില്‍ എസ്പിസിഎയുടെ സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
2013ല്‍ യുഡിഎഫ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെ.പി. മോഹനന്‍ കൃഷി മന്ത്രിയായിരിക്കെയാണ് ഇത്തരമൊരു വിവാദ ഉത്തരവിറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചെയര്‍മാനാക്കിയും അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന 10 പേര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഇടുക്കി ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ഇത് നടപ്പാക്കി. ശക്തമായ പരാതി ഉയര്‍ന്നതോടെ ഇടുക്കിയില്‍ ജില്ലാ കളക്ടറുടെ കീഴില്‍ തന്നെ ഇത് തുടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്ത ഇടുക്കിയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ വാര്‍ത്ത കോടതിയില്‍ എത്തുകയും ഇവ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കോടതിയില്‍ പരാതിയുമായി എത്തിയ എസ്പിസിഎ കമ്മിറ്റിക്ക് അംഗീകാരമില്ലെന്നും ഇത് മാറ്റി ജില്ലാ പഞ്ചായത്തിന്റെ കീഴിലാക്കണമെന്നും കാണിച്ചാണ് ഒരു ആനസവാരി കേന്ദ്രം ഉടമ പരാതി നല്‍കിയത്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന പ്രകാരം അതത് ജില്ലകളില്‍ കളക്ടര്‍ ചെയര്‍മാനും, ജില്ലാ പോലീസ് മേധാവി വൈസ് ചെയര്‍മാനും, ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധി, വനം വകുപ്പ് പ്രതിനിധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് എസ്പിസിഎ മാനേജിങ് കമ്മിറ്റി നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: