ഡോംബിവില്ലിയിലെ പ്രാക്ടീസ് ദിനങ്ങള്‍ ഞാനിന്നും ഓര്‍മിക്കുന്നു.
ഗണപതിക്ക് തേങ്ങയുടച്ച് ഡോ. ആര്.പി. അയ്യര്‍, എംഎ, പിഎച്ച്ഡി എന്നെഴുതില്ല ബോര്‍ഡില്‍ നാരങ്ങാ മാലയിട്ട് ആരതിയുഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയ ആദ്യദിനം.
ഒന്നാന്തരം ശമ്പളമുണ്ടായിട്ടും മകള്‍ക്ക് വിവാഹം വൈകുന്നതെന്തേ എന്നറിയാനായിരുന്നു ആ അമ്മ വന്നത്. പ്രത്യക്ഷത്തില്‍ പറയത്തക്ക വലിയ ദോഷങ്ങളില്ല. ഏഴില്‍ കേതു. ഒരു ദോഷം. തത്തുല്യദോഷമുള്ള പുരുഷ ജാതകം കിട്ടാന്‍ പ്രയാസവുമില്ല. നക്ഷത്രവും അപകടകാരിയല്ല.
”അവള് പറയുന്ന ഡിമാന്റുകളാണ് സ്വാമി പ്രശ്നം…”
”ഡിമാന്റുകളോ?”
”ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ കൂടെ വന്നിരിക്കരുത്… മാസം അവര്‍ക്ക് ചെലവിന് കൊടുക്കരുത്… ഗ്രാമത്തിലെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഞാന്‍ വന്ന് താമസിക്കില്ല…ഇതൊക്കെയാണ് അവളുടെ ചട്ടങ്ങള്‍…”
”ഈ ഡിമാന്റുകളെല്ലാം സ്വീകരിക്കാന്‍ തയ്യാറായ പുരുഷന്മാര് ഭൂമിയിലുണ്ടാവും…മകള്‍ക്ക് നല്ല ശമ്പളവും മറ്റു സൗകര്യവുമുള്ളതുകൊണ്ട്….”, ഞാന്‍ അവരെ സമാധാനിപ്പിച്ചു. ”പക്ഷേ, കണ്ടെത്തലാണ് പ്രയാസം…”
”എന്തു ചെയ്യണം?”
”ഈ ഡിമാന്റുകള്‍ വെച്ച് ഒരു പരസ്യം കൊടുക്കൂ… ആളെ കിട്ടും….”
അവര്‍ നിമ്മതിയോടെ ഇറങ്ങിപ്പോയി.
പിറ്റേന്ന് സന്താന വിഷയവുമായി മറ്റൊരമ്മ വന്നു. പല ജ്യോത്സ്യന്മാരേയും ജാതകം കാണിച്ച ശേഷമാണ് വരവ്. ഗ്രഹസ്ഥിതി കണ്ടവരെല്ലാം നിശ്ചയമായും സന്താന ലബ്ധി പറയുന്നു. എന്നാല്‍ വിവാഹിതരായി വര്‍ഷം ഏഴു കഴിഞ്ഞിട്ടും സന്താനമുണ്ടായില്ല.
”ബന്ധപ്പെട്ട ഡോക്ടറെ കാണിച്ചോ?”
”കാണിച്ചു… രണ്ടു പേര്‍ക്കും കുഴപ്പമില്ലെന്നു പറയുന്നു…”
ഗ്രഹസ്ഥിതി പ്രകാരം മുന്‍പ് കാണിച്ച ജ്യോത്സ്യന്മാര് പറഞ്ഞത് ശരിയാണ്. അഞ്ചാം ഭാവാധിപന് ത്രികോണത്തില്‍, അഞ്ചിന്റെ കാരകന്‍ കേന്ദ്രത്തില്‍, അഞ്ചാം ഭാവത്തിന് പാപയോഗമോ ദൃഷ്ടിയോ ഇല്ല. ഭാര്യക്ക് അഞ്ചും ഒമ്പതും ശക്തം, കാരകഗ്രഹം ഭദ്രം.
രാമശേഷന് സാറാണെങ്കില്‍, അദ്ദേഹത്തിന്റെ ഗുരുപരമ്പരകളാണെങ്കില് ക്ഷേത്രസ്ഫുടം, ബീജ സ്ഫുടം എന്നീ വ്യായാമങ്ങള്‍ ചെയ്ത് സംഗതി നിജപ്പെടുത്തുമായിരുന്നു.
”ഒരു കാര്യം ചെയ്യൂ…”, ഞാന്‍ പറഞ്ഞു. ”അവരോട് വരാന്‍ പറയൂ…”
അടുത്തയാഴ്ച തന്നെ അവര്‍ വന്നു.
ഒരു സന്താനം അനുഗ്രഹിക്കാത്തതില് അവര്‍ തീരെ ആശങ്കാകുലരാണെന്ന് തോന്നിയില്ല.
”ഞങ്ങള്‍ വേണ്ടെന്നു വെച്ചതാണ്…”
അവര്‍ ഒന്നും മറച്ചുപിടിക്കാതെ നേരെ വിഷയത്തിലേക്ക് കടന്നു.
ആദ്യ മൂന്നു വര്‍ഷം പ്ലാനിങ്ങുണ്ടായിരുന്നു എന്നത് സത്യം. ഒരു കുഞ്ഞിന് പ്ലാന്‍ ചെയ്തു വരുന്ന സമയത്താണ് സ്ഥലംമാറ്റത്തോടെയുള്ള പ്രമോഷന്. അതോടെ ഞങ്ങള്‍ വേറെ വേറെയായി. ഞാന്‍ ജന്മനാട്ടിലേക്ക് തിരിച്ചു വരുമ്പോഴേക്കും ഇവള്‍ക്ക് പ്രമോഷനായി. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ബ്രാഞ്ച്-ഇന്‍-ചാര്‍ജ്ജാണ്. കാലത്ത് ഏഴു മണിക്കിറങ്ങിയാല്‍ തിരിച്ചെത്തുന്നത് രാത്രി ഒമ്പതിന്. പരസ്പരം സംസാരിക്കുന്നത് ആകെ ഒരു ഞായറാഴ്ച. അല്ലാത്ത സമയത്ത് ആശയവിനിമയം വാട്സാപ്പിലൂടെയാണ്.
ഈ സാഹചര്യത്തില്‍ ഒരു കുഞ്ഞുണ്ടായെങ്കില്ത്തന്നെ അതിനോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നു തോന്നിയതുകൊണ്ടാണ് വേണ്ടെന്നു വെച്ചത്. കുട്ടികള്‍ വേണ്ടെന്നു വെച്ച ദമ്പതികള്‍ മാത്രം പങ്കെടുത്ത ഒരു ടിവി ഷോ കണ്ടതും നിമിത്തമായത്രെ. ആ ഷോയില്‍ അവര്‍ പ്രധാനമായും പങ്കുവച്ച ആശങ്ക ഇതായിരുന്നു.
കുഞ്ഞുണ്ടാവുന്നതു മുതല്‍ അത് വളര്‍ന്നു വലുതായി സ്വതന്ത്രമാവുന്നതു വരെയുള്ള ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമ്മള് ഓരോ തരത്തില്‍ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. മുട്ടിലിഴയുന്ന കാലത്ത് വേഗം നടന്നു തുടങ്ങണേ എന്നു പ്രാര്‍ത്ഥന, അതു കഴിഞ്ഞാല്‍ പഠിപ്പ്, ഉദ്യോഗം, വിവാഹം, സന്താനം എന്നു തുടങ്ങി ഓരോ ഘട്ടത്തിലും പ്രാര്‍ത്ഥനകള്‍… വിവാഹിതരായിക്കഴിഞ്ഞാല്‍ ഒരര്‍ത്ഥത്തില്‍ നാം സന്താനങ്ങള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത് എന്നും പറയാം. അവസാനം നമുക്ക് വയ്യാതാവുന്ന കാലത്തോ? പരിപാലിക്കല്‍ പോട്ടെ, നമ്മെ ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും അവര്‍ക്ക് നേരമുണ്ടാവില്ല. നാട്ടില്‍ വൃദ്ധസദനങ്ങളുടെ വളര്‍ച്ചാനിരക്ക് ഇരുപതു ശതമാനമാണത്രെ, കഴിഞ്ഞ അഞ്ചുവര്‍ഷമായി, തുടര്‍ച്ചയായി. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് സര്‍വ്വേ. വൃദ്ധസദനങ്ങളില്‍ അവശരായി കഴിയുന്ന അച്ഛനമ്മമാരെ ആണ്ടിലൊരിക്കല്‍ വന്നു കാണാന്‍ പോലും നേരമില്ലാത്ത വിധം മക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരിക്കുന്നു. ചെന്നൈ മാമ്പലത്തിലെ ഒരു വൃദ്ധസദനത്തില്‍ അച്ഛന് മരിച്ചപ്പോള്‍ കൊള്ളി വെക്കാന്‍ വരാന്‍ പോലും ദുബായിലെ കമ്പനിയുടെ എംഡിയായ മകന് നേരമുണ്ടായില്ല. അവസാനം സദനം അധികൃതര്‍ തന്നെ മകന്റെ സമ്മതത്തോടെ അത് നിര്‍വഹിച്ചു. ഇതൊക്കെയാണ് ഇപ്പോള്‍ പൊതുവെ കണ്ടുവരുന്ന് മനുഷ്യാവസ്ഥകള്‍… വരാനിരിക്കുന്ന കാലത്ത് ഇത്തരം അനുഭവങ്ങള്‍ സര്‍വ്വ സാധാരണമായിത്തീരാം. ഈ സാഹചര്യത്തില്‍ സന്താനമുണ്ടായിട്ട് എന്തു പ്രയോജനം?
ഷോവില്‍ പങ്കെടുത്ത കാണികള്‍ക്ക് പലരുടേയും അനുഭവം കേട്ട് നാവിറങ്ങിപ്പോയത്രെ.
”അതിനാല്‍…”, മുന്പിലിരിക്കുന്ന, വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായും സന്താനമുണ്ടാകാത്ത ആ ദമ്പതികള്‍ സംഗ്രഹിച്ചു. ”ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ കുഞ്ഞു വേണ്ടെന്ന് വെച്ചത്…”
”ഈ സംഗതികള്‍ നിങ്ങളുടെ അമ്മക്കറിയുമോ?”
”ഇല്ല,” അയാള്‍ പറഞ്ഞു. ”അമ്മക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല…”
അപ്പോള്‍ ജ്യോത്സ്യന്മാരുടെ ഒറ്റമുറികള്‍ കയറിയിറങ്ങലാണ് ആ അമ്മയുടെ വിധി. അന്നപ്രാശം ഗുരുവായൂരില്‍ പ്രാര്‍ത്ഥിക്കലാണ് വിധി. മുത്തശ്ശിയായാല്‍ മൂന്നു പവന് അടിമക്കാവില്‍ നേരലാണ് വിധി. ആ അമ്മ ഈ വിധിയില്‍ തളച്ചിടപ്പെട്ട് കാലം നീക്കട്ടെ.
മകനും മരുമകളും അവരുടെ വേലത്തിരക്കും കമ്പനി പ്രാരാബ്ധങ്ങളുമായി കാലം നീക്കട്ടെ. അവര്‍ എഴുന്നേറ്റപ്പോള്‍ ഡോ. ആര്.പി. അയ്യര്‍ എംഎ, പിഎച്ച്ഡി എന്ന ഞാന്‍ ഒരു കാര്യം ആലോചിച്ചു. ഇക്കണക്കിന് ജ്യോത്സ്യന്മാര്ക്ക് പണി കുറയുന്ന കാലമാണല്ലോ മുന്നില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: