കൊച്ചി: മെഡിക്കല്‍ പഠനത്തിന്റെ ഭാഗമായി മലേഷ്യയില്‍ പോയ മംഗലാപുരത്തുനിന്നുള്ള വിദ്യാര്‍ഥികളടക്കം കൊറോണാ വൈറസ് മരണം വിതയ്ക്കുന്ന മലേഷ്യയിലെ വിമാനത്താവളത്തില്‍ അകപ്പെട്ടു. മാര്‍ച്ച് 22 ന് ശേഷം ഇന്ത്യയില്‍ വിദേശ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന വാര്‍ത്തയോടെ ഇവരാകെ ആശങ്കപ്പെട്ടിരിക്കുകയാണ്.
മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ മഹിമ ഗുപ്ത, നവീന്‍ മല്യ എന്നിവര്‍ പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിനാണ് മലേഷ്യയിലെത്തിയത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ 20 വരെയായിരുന്നു കോഴ്സ്. അതിനിടെ കൊറോണാ ബാധയെ തുടര്‍ന്ന് ഇരുവരും മാര്‍ച്ച് 18 ന് തിരികെ പോരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെത്തുന്നതിന് അഞ്ചു മണിക്കൂര്‍ മുമ്പ് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
ഈ വിദ്യാര്‍ഥികളെ കൂടാതെ പ്രായം ചെന്നവരും കുട്ടികളുമടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 250 പേര് വിമാനത്താവളത്തിലുണ്ട്. ഇവര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ സഹയത്തിന് സമ്പര്‍ക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും എംബസി അടച്ചുപോയി. ഉദ്യോഗസ്ഥര്‍ കിട്ടുന്ന വിവരങ്ങളും സഹായ അഭ്യര്‍ത്ഥനകളും കേന്ദ്ര സര്‍ക്കാരിന് ദല്‍ഹിയിലേക്ക് കൈമാറുന്നുണ്ട്. എന്നാല്‍, കൊറോണാ ബാധിച്ചവരെ ഉള്‍പ്പെടെ മലേഷ്യയില്‍നിന്ന് എങ്ങനെ ഇന്ത്യയിലെത്തിക്കാമെന്ന പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നതേയുള്ളു.
ഇറ്റലി, ഇറാന്, ചൈന എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സര്‍ക്കാര്‍ മലേഷ്യയില്‍ പെട്ട ഇന്ത്യക്കാരുടെ കാര്യത്തിലും നടപടിയെടുക്കും. അതിനുള്ള സംവിധാനം തയാറാകുകയാണ്. എന്നാല്‍, വിമാനം ഇറങ്ങുന്നതിനുള്ള അവസാന ദിവസമായ മാര്‍ച്ച് 22 അടുത്തെത്തുന്നുവെന്നതും വിമാനത്താവളത്തില്‍ പെട്ടവരുടെ കൈയില്‍ പണവും മറ്റു സംവിധാനങ്ങളും ഇല്ലാത്തതും അവരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: