കൊച്ചി: കൊറോണ വാര്‍ത്തയുടെ പേരില്‍ ജന്മഭൂമി പ്രാദേശിക ലേഖകന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള പോലീസ് നീക്കത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്. ലോകമാകെ ഭീതി വിതച്ചു പടരുന്ന കോവിഡ് വ്യാപനത്തിനെതിരെ ജനങ്ങളില്‍ തീവ്രമായ അവബോധം പകരുന്നതിന് മാധ്യമ സമൂഹം ഒന്നടങ്കം നിതാന്ത ജാഗ്രതയും ഊര്‍ജിത ശ്രമവും തുടരുമ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് മാധ്യമ പ്രവര്‍ത്തകരെ പീഡിപ്പിക്കാനുള്ള പോലീസ് ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും നിയമ വിരുദ്ധ നടപടിക്ക് മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം യുണിയന്‍ നല്കി.
വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ ലേഖകനെ സമ്മര്‍ദത്തിലാക്കുകയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരായ നീക്കമാണ്. ആശുപത്രിയില്‍ കോവിഡ് സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗി അനുമതിയില്ലാതെ ഇറങ്ങിപ്പോയത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്കും പോലീസ് കമീഷണര്‍ക്കും റൂറല്‍ എസ്പിക്കും നല്കിയ കത്താണ് വാര്‍ത്തയായത്. ഇതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്ത കളമശ്ശേരി പോലീസിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അധികൃതര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്, യൂണിയന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: