ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം മുതലെടുത്ത് രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് ഒളിച്ചോടാനുള്ള മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടി. വെള്ളിയാഴ്ച പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ സ്പീക്കര്‍ എന്‍.പി. പ്രജാപതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. നേരത്തെ ഈ മാസം 26 വരെ സ്പീക്കര്‍ സഭാ സമ്മേളനം നീട്ടിവെച്ചിരുന്നു. ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
വോട്ടെടുപ്പ് നടപടികള്‍ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. നടപടികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണം. സാധ്യമെങ്കില്‍ ലൈവ് നടത്തണം. വോട്ടു ചെയ്യാനെത്തുകയാണെങ്കില്‍ 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: