വീട്ടിലിരുന്ന് ജോലി ചെയ്യണം
ന്യൂദല്‍ഹി: ജൂനിയര്‍, മിഡില്‍ റാങ്കുകളിലുള്ള 50 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കാനും മറ്റുള്ളവര്‍ക്ക് പല സമയങ്ങളിലായി ഡ്യൂട്ടി നിശ്ചയിച്ച് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. പൊതു ഗതാഗത സംവിധാനങ്ങളിലെ തിരക്ക് പരമാവധി കുറച്ച് രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.
ഗ്രൂപ്പ് ബി, സി ജീവനക്കാര്‍ക്കിടയിലാണ് ആദ്യമിത് നടപ്പാക്കുക. 48 ലക്ഷം കേന്ദ്ര ജീവനക്കാരില്‍ ഭൂരിപക്ഷവും ഈ വിഭാഗങ്ങളില്‍ പെടുന്നവരാണ്. 50 ശതമാനം ജീവനക്കാര്‍ ദിവസവും ഹാജരാകുന്നുണ്ടെന്നും ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും വകുപ്പു മേധാവികള്‍ ഉറപ്പാക്കണം. ബി ഗ്രേഡില്‍ വരുന്ന 2.4 ലക്ഷവും സി ഗ്രേഡില്‍ വരുന്ന 27.7 ലക്ഷവും ഉദ്യോഗസ്ഥരാണ് കേന്ദ്ര സര്‍വീസിലുള്ളത്.
യാത്രാ ഇളവുകള്‍ പിന്‍വലിച്ചു
റെയില്‍വേയും വ്യോമയാന മന്ത്രാലയവും നല്കുന്ന എല്ലാവിധ യാത്രാ ഇളവുകളും പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍, രോഗികള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കുള്ള ഇളവുകള്‍ തുടരും. ഇരുനൂറോളം ട്രെയിനുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന സന്ദര്‍ശന വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം സജ്ജീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
ന്യൂദല്‍ഹി: കൊറോണാ വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ 29വരെ വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്വീസുകളെല്ലാമാണ് അവസാനിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് കൊറോണ വ്യാപനം വീണ്ടും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് തല്ക്കാലം നിയന്ത്രണമില്ല.
പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത്
65 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ചികിത്സയ്ക്കായി മാത്രമേ മുതിര്‍ന്നവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങാവൂ. പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല.
ഛത്തീസ്ഗഢില്‍ അടിയന്തരാവസ്ഥ
തലസ്ഥാനമായ റായ്പൂരിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അറിയിച്ചു.
പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തി
വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ ഷോപ്പിങ് കോംപ്ലക്സുകള്‍, മാളുകള്‍, മ്യൂസിയങ്ങള്‍, ആഴ്ചച്ചന്തകള്‍ എന്നിവ അടച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: