ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 84.2899 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അതായത് ഒരു ദിവസത്തിനിടെ മാത്രം കൂടിയത് ഏതാണ്ട് 1.4 ലക്ഷം യൂണിറ്റ് വൈദ്യുതി. ഇതില്‍ 65.0688 ദശലക്ഷം യൂണിറ്റ് പുറത്ത് നിന്നെത്തിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 19.2211 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം 80-81 ദശലക്ഷത്തിനും ഇടയിലായിരുന്നു വൈദ്യുതി ഉപഭോഗം. ലോക്സഭ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം വരെ എത്തുമെന്ന് അന്ന് ബോര്‍ഡ് കണക്ക് കൂട്ടിയിരുന്നു, എന്നാല്‍ അതുണ്ടായില്ല. അതേ സമയം വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് ഉപഭോഗം സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് 88.33 ദശലക്ഷം യൂണിറ്റെത്തിയിരുന്നു.
നിലവിലെ കണക്ക് കൂട്ടല്‍ അനുസരിച്ച് വരുന്നവാരം തന്നെ ഇത് മറിക്കടക്കുമെന്നാണ് വിവരം. അതേ സമയം ഇടുക്കിയില്‍ 58% വെള്ളം നിലവില്‍ ഉണ്ടായിട്ടും ഇത് ജനറേറ്റര്‍ തകരാര്‍ മൂലം വേണ്ടവിധം ഉപയോഗിക്കാനാകാത്തത് വലിയ തിരിച്ചടിയാണ് ബോര്‍ഡിന് നല്‍കുന്നത്. ഇത് മൂലം കൂടുതല്‍ വൈദ്യുതി നിലവില്‍ പുറത്ത് നിന്നെത്തിക്കുകയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ ഇന്നലെ വരെ വെറും 10% വെള്ളം മാത്രമാണ് ഇടുക്കിയില്‍ കുറഞ്ഞത്.
സംസ്ഥാനത്താകെ ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 55% ആണ്. ഇതുപയോഗിച്ച് 2259.549 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇടമലയാര്‍- 60, പമ്പ, കക്കി-48, ഷോളയാര്‍-60, കുണ്ടള-97, മാട്ടുപ്പെട്ടി- 57, കുറ്റ്യാടി-76, പൊന്മുടി-54, പൊരിങ്ങല്‍കുത്ത്-28% എന്നിങ്ങനെയാണ് പ്രധാന സംഭരണികളിലെ ജലശേഖരം. മഴക്കാലമെത്താന്‍ ഇനി 75 ദിവസം കൂടി അവശേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: