ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മറ്റന്നാള്‍ നടപ്പാക്കാനിരിക്കെ തയ്യാറെടുപ്പുകളുമായി തീഹാര്‍ ജയില്‍. ഒരുക്കങ്ങളുടെ ഭാഗമായി നടത്താറുള്ള ഡമ്മികള്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഹാജരാകണമെന്ന ജയില്‍ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരാച്ചാര്‍ പവന് ജല്ലാഡ് ഇന്നലെ തിഹാര്‍ ജയിലിലെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 05:30നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. ഇതിന്റെ ഭാഗമായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് പ്രതി മുകേഷ് സിങ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി തള്ളിയിരുന്നു. മുകേഷ് സിങ് ഒഴികെയുള്ള ബാക്കി മൂന്നു പ്രതികളും വിധി സ്റ്റേ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതിനിടെ കേസിലെ പ്രതികളില്‍ ഒരാളായ അക്ഷയ്സിങ് താക്കൂറിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഔറംഗാബാദ് കുടുംബ കോടതിയെ സമീപിച്ചു. ഭര്‍ത്താവ് നിരപരാധിയാണെന്ന് ബോധ്യമുണ്ടെന്നും എന്നാല്‍ ശിഷ്ടകാലം പ്രതിയുടെ വിധവ എന്നപേരില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്ഷയ്സിങ് താക്കൂറിന്റെ ഭാര്യ പുനിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: