കൊല്ലം: ചര്‍ച്ചകളോ അഭിപ്രായം തേടലോ ഇല്ലാതെ സ്വകാര്യക്ഷേത്ര ജീവനക്കാരുടെ വേതനവ്യവസ്ഥ പാസാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. കൊറോണയുടെ മറവിലാണിത്. സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്കും ശാന്തിമാര്‍ക്കും മിനിമം വേതനം നിര്‍ദേശിക്കുന്ന തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിജ്ഞാപനത്തില്‍ ആക്ഷേപമറിയിക്കാനുള്ള അവസാന ദിവസം ഈ മാസം 21 ആണ്. എന്നാല്‍, ഭൂരിഭാഗം സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും ഇത് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല.
സ്വകാര്യ ദേവസ്വങ്ങളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കരട്വിജ്ഞാപനപ്രകാരം വരുമാനം അനുസരിച്ചല്ല ശമ്പളം. പകരം മിനിമം വേതനമെന്ന നിലയിലാണ് എല്ലാ വിഭാഗത്തെയും ഗ്രൂപ്പ് തിരിച്ച് വേതനം നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഗ്രൂപ്പ് എയില്‍ മേല്‍ശാന്തിയും ബിയില്‍ കാര്യക്കാരന്‍, ശാന്തി, കീഴ്ശാന്തി എന്നിവരും സിയില്‍ വെളിച്ചപ്പാട്, കോമരം, കോലാധികാരികള്‍ എന്നിവരും ഡിയില്‍ കഴകക്കാരന്‍, വാദ്യക്കാരന്‍, പരിചാരകന്‍, മാല കെട്ടുന്നയാള്‍ എന്നിവരും ഇയില്‍ അടിച്ചുതളിക്കാര്‍, അന്തിത്തിരിയന്‍ എന്നിവരുമാണ് ഉള്‍പ്പെടുന്നത്.
ഓഫീസിലും ഇതേക്രമത്തിലാണ് തസ്തിക. എ ഗ്രൂപ്പില്‍ മാനേജര്‍, ബിയില്‍ സൂപ്രണ്ട്, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, സിയില്‍ ക്ലാര്‍ക്ക്, കാഷ്യര്‍, ഡ്രൈവര്‍, ഡിയില്‍ അറ്റന്‍ഡര്‍, പ്യൂണ്‍,മൈക്ക് ഓപ്പറേറ്റര്‍, ഇയില്‍ സ്വീപ്പര്‍ എന്നിവരാണുള്ളത്. എ വിഭാഗത്തിന് അടിസ്ഥാനവേതനം 17,760, ബിയില്‍ 15,360, സി 13,530, ഡി 12,830, ഇ 11,980 എന്നിങ്ങനെയാണ് കരട് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ദൈനംദിന പൂജയില്ലാത്ത ക്ഷേത്രങ്ങളില്‍ പ്രവൃത്തി ചെയ്ത ദിവസത്തേക്ക് ആനുപാതിക വേതനം നല്‍കണമെന്നും ദിവസം ഒരുനേരം മാത്രം പൂജയുള്ള, വച്ചു നിവേദ്യമില്ലാത്ത ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് അടിസ്ഥാനവേതനത്തിന്റെ 50 ശതമാനത്തിന് തുല്യമായ തുകനല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.
അടിസ്ഥാനവേതനത്തിന് പുറമെ ദിവസവേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും മാസവേതനക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമബത്തയും നല്‍കണം. വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ ക്ഷേത്രത്തിന്റെയോ ഒരു തൊഴിലുടമയുടെയോ കീഴില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സേവനകാലം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഒരോ വര്‍ഷത്തേക്കും പുതുക്കിയ നിരക്കിലുള്ള അടിസ്ഥാന വേതനത്തിന്റെ ഒരുശതമാനം നിരക്കില്‍ പരമാവധി 15 ശതമാനം എന്ന പരിധിയില്‍ സര്‍വീസ് വെയിറ്റേജായി അടിസ്ഥാനവേതനത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കണം.
















