ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ദല്‍ഹിയിലെ വസതിയില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തില്‍ കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. ഇന്നലെ കൊറോണ പരിശോധന നടത്തി നെഗറ്റീവ് ഫലവും ലഭിച്ചു.
ഞായറാഴ്ച ദല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷം കേന്ദ്ര മന്ത്രി വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല. രണ്ടു ദിവസമായി അദ്ദേഹം പാര്‍ലമെന്റിലും എത്തിയില്ല. ഔദ്യോഗിക ചുമതലകള്‍ വസതിയിലിരുന്നാണ് നിര്‍വഹിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് എംബസികള്‍ക്ക് നിര്‍ദേശം നല്‍കുന്നതടക്കമുള്ള ജോലികള്‍ അദ്ദേഹം വസതിയിലിരുന്നാണ് നിര്‍വഹിക്കുന്നത്.
ശ്രീചിത്രയിലെ ആശുപത്രിയും ഗവേഷണ വിഭാഗവും തമ്മില്‍ ബന്ധമില്ലെങ്കിലും അങ്ങേയറ്റം മുന്‍കരുതലും ജാഗ്രതയും ആവശ്യമായതിനാല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി. മുരളീധരന് പ്രതികരിച്ചു. രോഗലക്ഷണങ്ങളൊന്നുമില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചത്. തല്ക്കാലം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. ദില്ലിയിലെ വസതിയില്‍ നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനം. പരിഭ്രാന്തി അരുതെന്നും കരുതലാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൊറോണ ബാധിതനായ ഡോക്ടര്‍ക്കൊപ്പം കേന്ദ്രമന്ത്രി യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഡോക്ടര്‍ മാര്‍ച്ച് 11 മുതല്‍ സ്വവസതിയില്‍ നിരീക്ഷണത്തിലായിരുന്നെന്നും ശ്രീചിത്ര ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച 13ന് തന്നെ അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നതായും കേന്ദ്രമന്ത്രി 14നാണ് യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗബാധിതനായ ഡോക്ടറുമായി സമ്പര്‍ക്കത്തിലെന്ന് സംശയിക്കുകയും നിരീക്ഷണത്തിലാവുകയും ചെയ്ത 73 പേരില്‍ ആരും കേന്ദ്രമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഉണ്ടണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: