കൊറോണ എന്ന മഹാവ്യാധി ലോകത്തെയാകെ ഉലച്ചുകൊണ്ടിരിക്കുന്നു. അത് എവിടെചെന്നവസാനിക്കുമെന്ന് പറയാനാവില്ല. മധുരമനോഹര ചൈനയെന്ന് പുകഴ്ത്തിയത് മലയാളികളാണല്ലോ. അവിടെയാണ് കൊറോണയുടെ പ്രഭവസ്ഥാനം. കണക്കുപ്രകാരം, നാലായിരത്തോളം പേര് അവിടെ മരിച്ചു. രോഗപ്രതിരോധശക്തി ഏറെ കുറഞ്ഞ ചൈനയിലും ഇറ്റലിയിലും ഇറാനിലുമാണ് മരണസംഖ്യ കൂടിയിട്ടുള്ളത്. ഇന്ത്യയില്‍ നൂറിനുമേല്‍ പേര്‍ക്കേ രോഗലക്ഷണമുള്ളൂ. സാര്‍ക് രാജ്യങ്ങളിലാകട്ടെ ഇരുന്നൂറില്‍ താഴെയും. അത് കൂടാതിരിക്കട്ടെയെന്ന് മാത്രമല്ല, അനുദിനം കുറയട്ടെയെന്നും പ്രാര്‍ഥിക്കാം.
കേരളം തുടക്കത്തില്‍ കൊറോണ വ്യാപനം തടയാന്‍ ജാഗ്രതപുലര്‍ത്തി എന്നതില്‍ അഭിമാനിക്കാം. സര്‍ക്കാരും പൊതുസമൂഹവും ഏറെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. എന്നാല്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിന്റെ ഉറ്റബന്ധുക്കളും ഉടയോരുമായ സിഐടിയുവും സിപിഎമ്മും അവരുടെ സഹകരണ പ്രസ്ഥാനങ്ങളുമാണ് മുന്നിട്ടിറങ്ങിയത്. മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് കല്യാണങ്ങള്‍ ലഘൂകരിച്ചു. സിനിമാശാലകള്‍ അടച്ചു. മാളുകള്‍ക്കു ഷട്ടറിട്ടു. ഷൂട്ടിങ്ങുകള്‍ നിര്‍ത്തി. ഉത്സവങ്ങള്‍ ചടങ്ങുകളില്‍ ഒതുക്കി. ശബരിമല തൊട്ട് പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ പോലും തിറ ഉത്സവം നിര്‍ത്തി. പക്ഷേ, തൃശൂരില്‍ സിഐടിയു സമ്മേളനം മുറപോലെ നടന്നു. വിഴിഞ്ഞത്തും പാര്‍ട്ടി സമ്മേളനം നല്ലരീതിയില്‍ നടത്തി. വാമനപുരത്ത് സഹകരണബാങ്ക് പിടിക്കാന്‍ നിരോധനകാലത്ത് വോട്ടെടുപ്പും ആരംഭിച്ചു. കളക്ടറുടെ ഉത്തരവിനും പോലീസിന്റെ വിലക്കിനും പാര്‍ട്ടിയില്‍ പുല്ലുവില.
കടകള്‍ അടച്ചു. ബസുകള്‍ ഓട്ടം നിര്‍ത്തി. ഓടുന്ന ബസ്സുകളില്‍ ആളൊഴിഞ്ഞു. ഇതൊക്കെയാണെങ്കിലും സിപിഎമ്മിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ് പ്രധാനം. ആരോട് പറയാന്‍! ആരുണ്ട് മറുപടി നല്കാന്? ഗൃഹസമ്പര്‍ക്കവും പാര്‍ട്ടി പ്രചാരണവും എല്ലാവരും നിര്‍ത്തിയെങ്കിലും ദല്‍ഹി സംഘര്‍ഷത്തിന്റെ പേരില്‍ ബക്കറ്റ് പിരിവിനിറങ്ങാന്‍ മേല്‍ഘടകം നിര്‍ദ്ദേശിച്ചത് പോലും മാറ്റിവയ്ക്കാന്‍ തോന്നാത്തവരെക്കുറിച്ചെന്തുപറയാന്. പിരിച്ച പണം എങ്ങോട്ട് പോകും, ആര്‍ക്ക് കൊടുക്കും? അതിന് ദല്‍ഹിയില്‍ പാര്‍ട്ടിക്ക് സംവിധാനം വല്ലതുമുണ്ടോ? ആരും ചോദിച്ചുപോകരുത്. ദല്‍ഹിയില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ആളും അര്‍ത്ഥവുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. ആകെയുള്ളത് എകെജി ഭവനും സീതാറാം യെച്ചൂരിയും അവരുടെ പിന്നാലെ മൈക്കും പിടിച്ചുനടക്കുന്ന ചാനല്‍ പ്രതിഭ(?)കളും മാത്രം.
എകെജി ഭവന്റെ വൈദ്യുതി നിരക്ക് അടയ്ക്കണമെങ്കില്‍ കേരളത്തിലെ പാര്‍ട്ടി കനിയണം. അവരാണ് ദല്‍ഹി കലാപ പീഡിതര്‍ക്കായി ബക്കറ്റ് പിരിവ് നടത്തുന്നത്. നാണം എന്നൊരുവികാരമില്ലാത്തതുകൊണ്ട് ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
കൊറോണ കേരളത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കും. ടൂറിസം വ്യവസായത്തെ ഇല്ലാതാക്കും, കയറ്റിറക്കുമതി കുറയ്ക്കും വ്യാപാരം സ്തംഭിപ്പിക്കും. കേരളം എങ്ങനെ കരകയറുമെന്നൊക്കെ സംസ്ഥാന ധനകാര്യമന്ത്രി വിലപിക്കുകയാണ്. രണ്ട് പ്രളയം വന്നു. എവിടെന്നൊക്കെയോ പണം വന്നു. പ്രഖ്യാപിച്ചപണം പോലും നല്‍കിയില്ല. സാമ്പത്തിക ഞെരുക്കമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കൊറോണ ജനിക്കും മുന്‍പേ കേരളത്തിന്റെ സാമ്പത്തിക രംഗം ഞെരിഞ്ഞമര്‍ന്നില്ലേ? ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗങ്ങള്‍ തന്നെ അതിന്റെ തെളിവല്ലേ? മഹാവ്യാധികള്‍ വരുംപോകും. കേരളത്തിന്റെ തകര്‍ച്ച ഇല്ലാതാക്കാന്‍ കരുതല്‍ മതി. കാര്യക്ഷമത മതി. അത് ഇല്ലാത്തതാണ് നമ്മുടെ കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: