അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനായി വേറിട്ട മാര്‍ഗം സ്വീകരിച്ച് റെയില്‍വേ. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് സ്റ്റേഷനുകളിലെ ജനത്തിരക്ക് ഓഴിവാക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്.
പത്ത് രൂപയില്‍ നിന്ന് 50 രൂപയായാണ് നിരക്ക് വര്‍ധന. ആദ്യഘട്ടത്തില്‍ 12 റെയില്‍വേ സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധന ബാധകമാവുമെന്നാണ് പശ്ചിമ റെയില്‍വേ വ്യക്തമാക്കുന്നത്. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭാവ്നഗര്‍ എന്നീ സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധന പ്രാബല്യത്തിലായി. ആവശ്യത്തിലധികം ആളുകള്‍ സ്റ്റേഷനുകളിലേക്ക് എത്തുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. രാജ്യത്തെ 250 സ്റ്റേഷനുകളിലേക്ക് ഈ നിരക്ക് വര്‍ധന ഉടന്‍ പ്രയോഗത്തില്‍ വരുത്താനും നീക്കമുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.
സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് വില വര്‍ധിപ്പിക്കാനുള്ള അധികാരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. ചൊവ്വാഴ്ച മാത്രം 12 പുതിയ വൈറസ് ബാധിച്ച സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 126 ആയെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: