ന്യൂദൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് അടച്ചിട്ട പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ മലയാളികളായ വിദ്യാർത്ഥികളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി പി.കെ കൃഷ്ണദാസിന്റെ ഇടപെടൽ. 130ലേറെ വിദ്യാർത്ഥികളാണ് കോളേജ് അടച്ചതോടെ നാട്ടിലേക്ക് വരാനാകാതെ ദുരിതത്തിലായത്.
വിദ്യാർത്ഥികളും രക്ഷിതാക്കളും വിവരം റെയിൽവെ പസഞ്ചർ അമനിറ്റീസ് കമ്മിറ്റി ചെയർമാനായ കൃഷ്ണദാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ അദ്ദേഹം റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായും കോച്ചിംഗ് എക്സിക്യുട്ടീവ് ഡയറക്ടറുമായും ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേകം സ്ലീപ്പർ കോച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പിഎസി ഉദ്യോഗസ്ഥർ പീയുഷ് ഗോയലുമായി ചർച്ച നടത്തി.
വിഷയത്തിൽ ഇടപെട്ട മന്ത്രി ഉടൻ നടപടി സ്വീകരിച്ചു. വിദ്യാർത്ഥികൾക്ക് നാട്ടിലെത്താനായി രണ്ട് സ്ലീപ്പർ കോച്ചുകൾ കേരള സമ്പർക്രാന്തി എക്സ്‌പ്രസിൽ അനുവദിച്ചു. ഇക്കാര്യം മന്ത്രിയുടെ ഓഫീസ് കൃഷ്ണദാസിനെ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: