തിരുവനന്തപുരം: ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച പുറത്തുവരുന്നു. കേന്ദ്രമന്ത്രി പങ്കെടുത്ത യോഗം നടത്തിയത് കൊറോണ വിവരം മറച്ചുവച്ച്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കേന്ദ്രമന്ത്രി വി. മുരളീധരന് ശ്രീചിത്രയിലെ ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്. അന്ന് കൊറോണ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശനം മാറ്റിവയ്ക്കണോയെന്ന് ആശുപത്രി അധികൃതരോട് വി. മുരളീധരനും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷിച്ചിരുന്നു. എന്നാല്‍, അതിന്റെയൊന്നും ആവശ്യമില്ല, എല്ലാം സുരക്ഷിതമാണ്, ആശുപത്രിയിലല്ല സെമിനാര്‍ ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ആശുപത്രി അധിക്യതര്‍ മറുപടി നല്‍കിയത്. യോഗം നടന്നതിന്റെ അടുത്ത ദിവസമാണ് ഇവിടുത്തെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്ന വിവരം കേന്ദ്രമന്ത്രിയില്‍ നിന്ന് അധികൃതര്‍ മറച്ചുവച്ചുവെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതരില്‍ നിന്ന് വി. മുരളീധരന്റെ ഓഫീസ് വിശദീകരണം തേടിയത്. യോഗത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പമോ സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പമോ രോഗബാധിതനായ ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നോയെന്നും വി. മുരളീധരന്റെ ഓഫീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: