കൊച്ചി: വാളയാര്‍ കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ട നാല് പ്രതികള്‍ അടക്കം അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിചാരണ കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. സര്‍ക്കാരും കുട്ടികളുടെ കുടുംബവും നല്കിയ അപേക്ഷയിലാണ് കോടതി നടപടി.
പ്രതികള്‍ രാജ്യം വിടാന്‍ പോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയൊ ജാമ്യത്തില്‍ വിടുകയൊ വേണമെന്ന് നിര്‍ദേശിച്ചത്. കേസ് അവധിക്കു പിരിഞ്ഞ് തുറക്കുമ്പോള്‍ മേയ് മാസത്തില്‍ പരിഗണിക്കും. രണ്ട് കേസുകളിലായി പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം അഞ്ച് പ്രതികളായിരുന്നു കേസില്‍ ഉള്‍പ്പെട്ടത്. ഇതില്‍ പ്രദീപ് എം മധു, വി, മധു, ഷിബു എന്നിവരെയാണ് 2019 ഒക്ടോബര്‍ അഞ്ചിന് തെളിവില്ലെന്ന് ചൂണ്ടികാട്ടി പോക്സോ കോടതി കുറ്റമുക്തരാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതി മരവിപ്പിച്ചിരിക്കുകയാണ്.
വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നല്‍കുന്നതാണെന്നും പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നാണ് കരുതുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: