നിരവധി ഔഷധഗുണമുള്ള കോവലിനെ പലരും വെറുമൊരു കളയായിട്ടാണ് കാണുന്നത്. എന്നാല്‍ കോവലിനെ അറിയാവുന്നവര്‍ക്ക് അതിന്റെ മൂല്യത്തിന്റെ വലിപ്പവും അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കോവലിനെ ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ബി, ബി2 എന്നിവ ധാരാളമായി കോവയ്‌ക്കയിലുണ്ട്. ആന്ധ്രാപ്രദേശിലെയും കര്‍ണ്ണാടകയിലും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷ്യ ഇനമാണ് കോവയ്‌ക്ക. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലാണ് ഇതിനു കൂടുതല്‍ പ്രചാരം.
വെള്ളരി വര്‍ഗത്തില്‍പ്പെട്ട കോവയ്‌ക്ക കൃഷിചെയ്യാന്‍ വളരെ കുറച്ചു സ്ഥലം മതിയാകും. മറ്റു പച്ചക്കറി കൃഷിയെ അപേക്ഷിച്ച് ദീര്‍ഘകാല വിള നല്‍കുന്ന കൃഷിയാണ് കോവയ്‌ക്കാ കൃഷി. കോവലിന്റെ മറ്റൊരു പ്രത്യേകത പരാഗണം നടന്നില്ലെങ്കിലും കായ്കള്‍ ഉണ്ടാകുമെന്നതാണ്. ഉഷ്ണമേഖലാ കാലാവസ്ഥയാണ് കോവലിന് ഏറ്റവും നല്ലത്. അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയുള്ള കാലാവസ്ഥയില്‍ ഇത് നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് കൃഷിയ്‌ക്ക് ഉത്തമം. കായ്കളുടെ ആകൃതിയിലിം വലിപ്പത്തിലും എണ്ണത്തിലും തൂക്കത്തിലും വ്യത്യസ്തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളകാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ഫോള്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ നിന്ന് പുറത്തിറക്കിയ ഉല്പാദനശേഷി കൂടിയ കോവല്‍ ഇനമാണ് സുലഭ. ആണ്ടുമുഴുവന്‍ കായ്‌ക്കുന്ന ഈ ഇനത്തിന്റെ കായ്കള്‍ നീളമുള്ളതാണ് ഇളം പച്ചനിറത്തില്‍ നല്ല നീളമുള്ള കോവയ്‌ക്കയാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരം.
ഐവി ഗോര്‍ഡ്, ലിറ്റില്‍ ഗോര്‍ഡ്, ടം ലംഗ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കോവയ്‌ക്കയുടെ ജന്മദേശം ഇന്ത്യതന്നെയാണ്. കീടങ്ങള്‍ കടിക്കുന്നതികൊണ്ടുണ്ടാകുന്ന അലര്‍ജിക്ക് ഇതിന്റെ ഇലകള്‍ അരച്ചുപുരട്ടുന്നത് നല്ലതാണ്.
നടുന്ന രീതി:-
കോവലിന്റെ കട്ടിയുള്ള മൂന്നോ നാലോ മുട്ടുള്ള വള്ളികള്‍ മുറിച്ചെടുത്ത് നടാം. അതിനുമുന്‍പ് നിലം രണ്ടോ മൂന്നോ തവണ ഉഴുത് നിരപ്പാക്കണം. 60 സെന്റീമീറ്റര്‍ ചുറ്റളവിലും 30 സെന്റീമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നുമീറ്റര്‍ അകലത്തിലെടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ക്കുക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. കുഴിയൊന്നിന് 70 ഗ്രാം നൈട്രജനും 25ഗ്രാം വീതം ഫോസ്ഫറസും പൊട്ടാഷും രാസവളമായി നല്‍കുന്നത് കായ്ഫലം കൂട്ടും. വള്ളികള്‍ വളര്‍ന്ന് 60 സെന്റീമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജല സേചനത്തോട് നന്നായി പ്രതികരിക്കും. എന്നാല്‍ വെള്ളം അമിതമായി കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട് രണ്ടുമാസം കഴിയുന്നതോടെ പൂക്കുവാനും കായ്കള്‍ പിടിക്കാനും തുടങ്ങും. കായ്ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടുമുഴുവനും കായ്കള്‍ സ്ഥിരമായി ലഭിക്കും. കായ്കള്‍ മൂപ്പെത്തുന്നതിന് മുമ്പ് തന്നെ വിളവെടുക്കണം. മൂന്നുവര്‍ഷത്തോളം തൃപ്തികരമായ വിളവ് ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും, വെള്ളം കെട്ടി നില്‍ക്കാത്തതുമായ മണ്ണും ഉണ്ടെങ്കില്‍ കോവല്‍ കൃഷി വന്‍ വിജയത്തില്‍ എത്തും. മണ്ണില്‍ ജൈവാംശം എത്രത്തോളം ഉണ്ടോ അത്രയും നല്ലതാണ് കോവല്‍ കൃഷിയ്‌ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: