ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി കടല്‍ തീരത്തെ കടലാമ വിരിപ്പ് കേന്ദ്രത്തില്‍ നിന്നും 132 കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. നീണ്ട 45 നാളത്തെ വിശ്രമമില്ലാതെയുള്ള കാത്തിരിപ്പിനൊടുവില്‍ ഇന്നലെ രാത്രി മുതലാണ് കുഞ്ഞുങ്ങള്‍ മണല്‍ കൂട്ടില്‍ നിന്നുംപുറത്ത് വരാന്‍ തുടങ്ങിയത്. ഈ നീണ്ട കാത്തിരിപ്പുകള്‍ക്കിടയില്‍ പഞ്ചവടി കടപ്പുറത്ത് ശക്തിയായി പെയ്ത വേനല്‍മഴ കടലാമ സംരക്ഷകര്‍ക്ക് ആശങ്കയുണര്‍ത്തിയിരുന്നു.
മണലില്‍ ജലത്തിന്റെ അളവ് കൂടുന്നത് കൂട്ടിലെ ഊഷ്മാവ് കുറയാനിടയാക്കിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ കനത്ത ചൂട് ഊഷ്മാവ് ഉയര്‍ത്താന്‍ സഹായകരമായതായി ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് അഭിപ്രായപ്പെട്ടു.
കടല്‍ ഇറങ്ങിയതും വിരിപ്പ് കേന്ദ്രം ഉയരത്തിലായതും കൂടുതല്‍ കടലാമകുഞ്ഞുങ്ങള്‍ വിരിയാന്‍ കാരണമായതായി ഗ്രീന്‍ ഹാബിറ്റാറ്റ് കണ്‍സര്‍വേഷന്‍ ഫീല്‍ഡ് ഓഫീസര്‍ സലീം ഐഫോക്കസ് പറഞ്ഞു. സോഷ്യല്‍ ഫോറസ്റ്റ് എ.സി.എഫ് പ്രഭു, ഫോറസ്റ്റര്‍ സജീവ്, കെ.കെ ഹംസക്കുട്ടി, കടലാമ സംരക്ഷകരായ ഷാനവാസ്, ഇജാസ്, നിയാസ്, ന്യൂ ഫ്രണ്ട്സ് ക്ലബ്ബംഗങ്ങള്‍ എന്നിവരുടെ നേതൃത്തിലാണ് കടലാമ കുഞ്ഞുങ്ങളെ കടപ്പുറത്തെ അരുവായില്‍ ഇറക്കിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: