കൊച്ചി: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് മൂന്നാറില്‍ നിന്ന് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും വെട്ടിച്ച് വിമാനത്തില്‍ കയറിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി വക്താവ് സന്ദീപ്ജി. വാരിയര്‍. സംഭവത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖ പുറത്തുവിടുകയാണെന്ന് അവകാശപ്പെട്ടാണ് സന്ദീപ് ഫേസ്ബുക്കില്‍ ആരോപണം ഉന്നയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം: മൂന്നാറില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരന് കൊച്ചിയിലെത്തി വിമാനത്തില്‍ കയറിയതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന ആരോഗ്യവകുപ്പിനാണ്. ആറാം തീയതി ഇദ്ദേഹം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങി മൂന്നാറില്‍ പോയതാണ്.
ശൈലജ ടീച്ചര്‍ അവകാശപ്പെടുന്നതുപോലെ മൂന്നാം തീയതിയാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതെന്ന് വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹവും സൂത്രവാതിലില്‍ കൂടിയാണോ പുറത്തുകടന്നത്? മൂന്നാര്‍ കെടിഡിസി മാനേജര്‍ ഇദ്ദേഹത്തെ ടാറ്റ ആശുപത്രിയില്‍ കൊണ്ടുപോയതായും കൊറോണ ലക്ഷണമായതിനാല്‍ ദിശയില്‍ വിളിക്കുകയും ചെയ്തത്രേ. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദിശയില്‍ നിന്ന് ആംബുലന്‍സ് വന്നില്ല. ഒടുവില്‍ വീണ്ടും വിളിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി ബ്രിട്ടീഷുകാരനെ കൊണ്ടുപോയി സ്രവം എടുത്ത് പരിശോധന നടത്തി.
ബ്രിട്ടീഷുകാരന് ദിവസങ്ങളോളം ഹോട്ടല്‍ മുറിക്കുള്ളില്‍ പൂര്‍ണ്ണമായും സഹകരിച്ച് കഴിഞ്ഞതായും അറിയുന്നു.തുടര്‍ന്ന് ഇന്നലെ ആരോഗ്യ വകുപ്പില്‍ നിന്ന് കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് കെടിഡിസിയില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് പൗരന് ടിക്കറ്റെടുത്ത് പോകാന്‍ തീരുമാനിച്ചത്. റിസള്‍ട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞ സന്തോഷത്തില്‍ ബ്രിട്ടീഷ് പൗരന് മുറി വിട്ട് പുറത്തിറങ്ങി കെടിഡിസിയിലെ ജീവനക്കാരുമായി മറ്റും ഇടപഴകിയിട്ടുണ്ട്. എന്നാല്‍ പോകുന്നതിനു തൊട്ടു മുന്‍പ് റിപ്പോര്‍ട്ട് മാറിപ്പോയതായും മറ്റൊരാളുടെ റിസള്‍ട്ട് ആണെന്നും വീണ്ടും വിളിച്ചു പറയുകയായിരുന്നു. ബ്രിട്ടീഷുകാരന്റെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുന്നതേയുള്ളൂയെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതുകേട്ട് അത്രയും ദിവസം സഹകരിച്ച വിദേശികള്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് ഗൗരവം കണക്കിലെടുക്കാതെ ടൂറിസം വകുപ്പ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. അതായത്, കൊറോണ ടെസ്റ്റ് റിപ്പോര്‍ട്ട് ആദ്യം തെറ്റായി അറിയിച്ച ആരോഗ്യ വകുപ്പും ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ച ടൂറിസം വകുപ്പും സംസ്ഥാനത്തെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തത്.
ഇതിലെ തീയതികള്‍, മറ്റു വിവരങ്ങള്‍ ഇവയെല്ലാം ഉത്തരവാദിത്തപ്പെട്ട ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ലഭിച്ചതാണ്. ഫോണ്‍ റെക്കോഡ് കൈവശമുണ്ട്. അത്യാവശ്യം വരികയാണെങ്കില്‍ മാത്രം പുറത്തുവിടും. ഉത്തരവാദിത്തം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: