ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന് സാദിഖി(76)ന്റെ അടുത്ത ബന്ധുവിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്.
മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാലു പേര് ഐസൊലേഷനിലായിരുന്നു. ഇവരുടെ മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് ആരോഗ്യമന്ത്രി ബി. ശ്രീരാമലുവാണ് ഒരു പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിച്ചത്. മുഹമ്മദ് ഹുസൈന്റെ മകന്, മകള്‍, മരുമകള്‍, മരുമകന് എന്നിവരായിരുന്നു ഐസൊലേഷനില്‍. എന്നാല്‍, ഇവരില്‍ ആര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ആരോഗ്യമന്ത്രി ബി. ശ്രീരാമലു ഇന്നലെ കലബുറഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ജിംസ്) മിന്നല്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ മന്ത്രി ജീവനക്കാര്‍ ഉള്‍പ്പെടെ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ പരിശോധിച്ചു.
ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ രോഗ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച മന്ത്രി ഐസൊലേഷന്‍ വാര്‍ഡും സന്ദര്‍ശിച്ചു. ആശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി മടങ്ങിയത്. നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ ബന്ധുക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.
കൊറോണ രോഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കലബുറഗിയിലാണ്. മുഹമ്മദ് ഹുസൈന് സാദിഖി (76) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഉംറ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ മുഹമ്മദ് ഹുസൈനെ ആദ്യം പ്രവേശിപ്പിച്ചത് ജിംസിലായിരുന്നു. ഇവിടെ നിന്ന് ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരികെ ജിംസിലേക്ക് കൊണ്ടുവരുന്ന വഴിയാണ് മുഹമ്മദ് ഹുസൈന് മരിച്ചത്.
മുഹമ്മദ് ഹുസൈനെ ജിംസില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആശുപത്രിക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കൊറോണ വൈറസ് രോഗ വ്യാപനത്തിനെതിരെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിരിക്കുന്നതിനാല് ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 31 വരെ മാറ്റിവച്ചു.
കൊറോണ രോഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലോക പൈതൃക പട്ടികയിലുള്ള ബെല്ലാരി ജില്ലയിലെ ഹംപി ഉള്‍പ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടച്ചു. ശനിയാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: