ന്യൂദല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള 22 കോണ്‍ഗ്രസ് എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി കമല്‍നാഥിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന് ഇന്ന് രാവിലെ സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കമല്‍നാഥ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഏതുവിധേനയും വോട്ടെടുപ്പ് വൈകിക്കാനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമം. സിന്ധ്യക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയത്. ജ്യോതിരാദിത്യസിന്ധ്യക്കൊപ്പമുള്ള 22 എംഎല്‍എമാരും രാജിക്കത്ത് നല്‍കിയെങ്കിലും ആറ് പേരുടെ രാജി മാത്രമാണ് നിയമസഭാ സ്പീക്കര്‍ ഇതുവരെ സ്വീകരിച്ചത്. കമല്‍നാഥ് മന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാരാണ് രാജിവച്ച ആറ് പേരും. മറ്റുള്ള 16 പേരുടേയും രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നു. മന്ത്രിസ്ഥാനമടക്കം വാഗ്ദാനം നല്കി വിമതരെ കൂടെ നിര്‍ത്താനാണ് കമല്‍നാഥിന്റെ ശ്രമം.
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരും ബിജെപിക്ക് 107 എംഎല്‍എമാരുമാണുള്ളത്. ബിഎസ്പിക്ക് രണ്ടും എസ്പിക്ക് ഒന്നും നാല് സ്വതന്ത്രരും സഭയിലുണ്ട്. രണ്ട് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കുന്നതോടെ കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 92 ആയി കുറഞ്ഞു. മറ്റുള്ളവരെക്കൂടി ചേര്‍ത്താല്‍ പോലും നൂറ് തികയ്ക്കാന്‍ കമല്നാഥിനാവില്ല. 22 പേരുടെയും രാജി സ്വീകരിക്കുന്ന സാഹചര്യത്തില്‍ നിയമസഭയിലെ അംഗബലം 206 ആയി ചുരുങ്ങും. 104 സീറ്റുകളുടെ പിന്‍ബലത്തില്‍ ബിജെപിക്ക് ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: