ന്യൂദല്‍ഹി: ഇറ്റലിയില്‍ ദിവസങ്ങളായി കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തിരികെയെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ ദല്‍ഹിയിലെത്തിച്ച ഇവരെ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് അറിയിച്ചു.
ചാവ്ലയിലുള്ള ഐടിബിപിയുടെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് 218 പേരെയും എത്തിച്ചത്. വിദേശകാര്യ മന്ത്രാലയത്തിനുംസഹമന്ത്രി വി. മുരളീധരനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥിനി ദേവീ കൃഷ്ണന് ട്വിറ്ററില്‍ കുറിച്ചു.
ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള 211 വിദ്യാര്‍ഥികളടക്കമുള്ള 218 പേരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതരായി മടക്കിയെത്തിച്ചത്. ഇവരുടെ കൊറോണ പരിശോധന നിര്‍വഹിക്കാന്‍ ഇറ്റാലിയന്‍ അധികൃതര്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ഇന്ത്യ മെഡിക്കല്‍ സംഘത്തെ ഇറ്റലിയിലേക്ക് അയച്ചു. പരിശോധന അവിടെ പൂര്‍ത്തിയാക്കിയ ശേഷമാണ് എല്ലാവരേയും ദല്‍ഹിയിലെത്തിച്ചത്.
രണ്ടാഴ്ചയ്ക്ക് ശേഷം മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ എല്ലാവരേയും വീടുകളിലേക്ക് മടക്കിയയ്ക്കും. ഇറാനില്‍ നിന്ന് 234 പൗരന്മാരെയും ഇന്ത്യ ഇന്നലെ രാവിലെ തിരികെയെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും അടങ്ങുന്ന സംഘത്തെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മടക്കി കൊണ്ടുവന്നത്.
ഇവരെ രാജസ്ഥാനിലെ കരസേനയുടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാവരും രണ്ടാഴ്ച ഇവിടെ കഴിയേണ്ടിവരും. മതിയായ പരിശോധനകളില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്ന് കൊറോണ ബാധിതരായി ഇന്ത്യയിലെത്തിയ നമ്മുടെ പൗരന്മാര് വഴി നിരവധി പേരിലേക്ക് രാജ്യത്ത് രോഗം വ്യാപിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കേണ്ടിയിരുന്നു.
അതിനാലാണ് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥീരീകരിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതുള്ളൂയെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പോയത്, വി. മുരളീധരന് പറഞ്ഞു. നിലവില്‍ വിദേശത്തുനിന്നെത്തിയവര്‍ വഴി രോഗം പടരുന്ന സാഹചര്യം പ്രതിരോധിക്കേണ്ടതുണ്ട്. കൂടുതല്‍ പേര് രോഗബാധിതരായി ഇന്ത്യയിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമുണ്ട്. ഇതു രണ്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി പാലിക്കുന്നുണ്ട്.
ഇറ്റലിയില്‍ പരിശോധനയ്ക്ക് മതിയായ ഡോക്ടര്‍മാരില്ലാത്ത സാഹചര്യമുണ്ട്. അതിനാലാണ് ഇന്ത്യയിലേക്ക് വരുന്നതിനായി വിമാനത്താവളത്തിലെത്തിയ നമ്മുടെ പൗരന്മാര്ക്ക് യാത്ര തുടരാനാവാതെ വന്നത്. തുടര്‍ന്ന് നമ്മള് പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇറ്റലിയിലേക്കയച്ച് പരിശോധനകള്‍ നിര്‍വഹിച്ച് നമ്മുടെ പൗരന്മാരെ തിരികെ എത്തിക്കുകയായിരുന്നു, വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: