ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധ നേരിടുന്നതിന് സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തര സഹായനിധി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടക്കമെന്ന നിലയില്‍ 73.95 കോടി രൂപയും ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യങ്ങള്‍ സ്വമേധയാ നല്കുന്ന പണമാകും ഇതിനായി ഉപയോഗിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദിയുടെ ആഹ്വാനം. മറ്റ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ആശയത്തെ പിന്തുണച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, പാക്കിസ്ഥാന്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് സാര്‍ക്ക് രാജ്യങ്ങള്‍.
കൊറോണയെ നേരിടാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് സാര്‍ക്ക് രാജ്യങ്ങളോട് മോദി പറഞ്ഞു. മേഖലയിലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം പുരാതന കാലം മുതലുള്ളതാണ്. അതിനാല്‍ ഒരുമിച്ച് തയാറെടുത്ത്, ഒരുമിച്ച് പ്രവര്‍ത്തിച്ച്, ഒരുമിച്ച് വിജയിക്കണം. 150ല്‍ താഴെ കൊറോണ കേസുകള്‍ മാത്രമാണ് സാര്‍ക്ക് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത്. എങ്കിലും ജാഗ്രത പാലിക്കണം.
നമ്മുടെ ആരോഗ്യ ചികിത്സാരംഗം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നു. പൊതുവായ ഗവേഷണ സംവിധാനത്തിന് രൂപം കൊടുക്കണം. മേഖലയിലെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് ഏകോപനമുണ്ടാകണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിന് സഹായിക്കും.
ദുരന്തം നേരിടുന്നതിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളും അദ്ദേഹം വിവരിച്ചു. ‘തയാറെടുക്കാം. പരിഭ്രാന്തി വേണ്ട’. ഇതാണ് ഇന്ത്യയുടെ മന്ത്രം. കൊറോണ നേരിടാന്‍ ഇന്ത്യ വേഗത്തില്‍ പ്രവര്‍ത്തിച്ചു.
വിഷയത്തെ നിസാരമായി കണ്ടില്ല. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ജനവരി പകുതിയോടെ വിദേശത്തു നിന്നെത്തുന്നവരുടെ പരിശോധനകള്‍ ആരംഭിച്ചു.
യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. എളുപ്പത്തില്‍ രോഗം പടരാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്കി. ആശങ്ക പരത്തുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കി. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ പരിഭ്രാന്തി ഇല്ലാതാക്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: