ആത്മാവ് ശുദ്ധബോധസ്വരൂപമായി വിളങ്ങി എല്ലാം പ്രകാശിപ്പിക്കുന്നതിനെ വിവരിക്കുന്നു.
ശ്ലോകം 135
പ്രകൃതി വികൃതി ഭിന്നഃ ശുദ്ധ ബോധസ്വഭാവഃ
സദസദിദമശേഷം ഭാസയന്‍ നിര്വിശേഷഃ
വിലസതി പരമാത്മാ ജാഗ്രദാദിഷ്വവസ്ഥാ
സ്വഹമഹമിതി സാക്ഷാത് സാക്ഷി രൂപേണ ബുദ്ധേഃ
പ്രകൃതിയില്‍ നിന്നും അതിന്റെ വികാരങ്ങളില്‍ നിന്നും വേറിട്ടവനും ശുദ്ധബോധമാകുന്ന സ്വഭാവത്തോടു കൂടിയവനുമാണ് പരമാത്മാവ്. സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ജാഗ്രത് മുതലായ അവസ്ഥകളില്‍ ബുദ്ധിയ്ക്ക് സാക്ഷിയായി ഞാന്‍, ഞാന്‍ എന്ന പ്രതീതിയ്ക്ക് ഉണ്മയായി ആത്മാവ് വിളങ്ങുന്നു.
പരമാത്മാവിനെക്കുറിച്ച് വിവരിച്ച് അതിന്റെ ശുദ്ധബോധസ്വരൂപത്തെ വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.പരമാത്മാവ് പ്രകൃതിയില്‍ നിന്നും അവയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട് തന്നെ നില്ക്കുന്നു. പ്രകൃതി വികൃതി ഭിന്നനാണ് ആത്മാവ് എന്ന് പറഞ്ഞാല്‍ അവിദ്യ, വാസന തുടങ്ങിയ വിശേഷണങ്ങളുള്ള പ്രകൃതിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് എന്നര്‍ത്ഥം. പ്രകൃതിയുടെ കാര്യങ്ങളായിട്ടുള്ള അഥവാ വികാരങ്ങളായ ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ നിന്നും വേറെയാണ്. ആ ഉപാധികളിലെ കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ജീവനില്‍ നിന്നും വ്യത്യസ്തനാണ്. ജീവന്റെ അനുഭവമണ്ഡലമായ വിഷയ വികാര വിചാരങ്ങളില്‍ നിന്നും വേറെ തന്നെയായി ശുദ്ധ ബോധസ്വരൂപമായി ആത്മാവിനെ അറിയണം.
പരമാത്മാവ് സത്തും അസത്തുമായ ഈ കാണായതിനെയൊക്കെ മുഴുവനായും പ്രകാശിപ്പിക്കുന്നു. സത്ത് അസത്ത് എന്നാല്‍ സ്ഥൂലവും സൂക്ഷ്മവുമായവയെന്നര്ത്ഥം. ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാവുന്നവ സ്ഥൂലവസ്തുക്കള്‍. ഉള്ളില്‍ അനുഭവപ്പെടുന്ന അറിവ്, ആശയം മുതലായവ സൂക്ഷ്മങ്ങളാണ്. ഭൂമി, വെള്ളം മുതലായ രൂപഗുണങ്ങളുള്ള മൂര്‍ത്ത വസ്തുക്കളെ സത്ത് എന്ന് പറയാം. ആകാശം, വായു എന്നീ അമൂര്‍ത്തങ്ങളാണ് അസത്.
ഇവയെ എല്ലാം ശുദ്ധ ബോധസ്വരൂപമായ ആത്മാവ് പ്രകാശിപ്പിക്കുന്നു. എന്നാല്‍ ഇവയുടെ ധര്‍മ്മങ്ങളൊന്നും അതിനെ ബാധിക്കുന്നില്ല. അത് നിര്‍ഗുണനായി മറ്റൊന്നുമേല്ക്കാത്തതായ നിര്‍വിശേഷമായി വിളങ്ങുന്നു. ഇനി ജീവനുമായി ബന്ധപ്പെട്ടാണെങ്കില്‍ ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളേയും പ്രകാശിപ്പിക്കുന്നതും പരമാത്മാവ് തന്നെയാണ്. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും സ്ഥൂലവും സൂക്ഷ്മവുമായ വിഷയങ്ങളെ ആത്മാവ് പ്രകാശിക്കുന്നു. സുഷുപ്തിയില്‍ ഈ വിഷയങ്ങളുടെ അഭാവത്തേയും ആത്മാവ് പ്രകാശിപ്പിക്കുന്നു.
ഈ മൂന്ന് അവസ്ഥകളിലിലും ‘ഞാന്‍.. ഞാന്‍’ എന്ന ഭാവത്തിലാണ് വിലസുന്നത്. ജാഗ്രത്തില്‍ സ്ഥൂല വസ്തുക്കളെ ഞാന്‍ അറിയുന്നു. സ്വപ്നത്തില്‍ സൂക്ഷ്മവസ്തുക്കളെ തന്നെയാണ് ഞാന്‍ അറിയുന്നത്. ഉറക്കത്തില്‍ ഇവയുടെ അഭാവത്തേയും ഞാന്‍ അറിയുന്നു.
ശുദ്ധ ബോധസ്വരൂപമായ പരമാത്മാവാണ് എല്ലാവരിലും എപ്പോഴും ഞാന്‍… ഞാന്‍.. ഞാന്‍.. എന്നിങ്ങനെ സ്ഫുരിക്കുന്നത്. എന്നാല്‍ ആത്മാവ് ഒന്നിലും കുടുങ്ങി ബന്ധിതനാവുന്നില്ല. ശുദ്ധ ബോധമായ പരമാത്മാവ് ഒന്നിലും ഇടപെടാതെ സാക്ഷിയായിരുന്ന് എല്ലാ ബുദ്ധി വൃത്തികളേയും മനോവൃത്തികളേയും വീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: