തിരുവനന്തപുരം: അര്‍ഹതയുള്ള നിരവധിപേരെ പിന്‍തള്ളി കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് ഫ്രൊഫസര്‍ തസ്തികയില്‍ മുന്‍ എം പി പികെ ബിജുവിന്റെ ഭാര്യ നിയമനം കരസ്ഥമാക്കിയതില്‍ വിമര്‍ശനവുമായി രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഇതു സംബന്ധിച്ച വിവാദങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുമ്പോഴാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി ജയശങ്കര്‍ രംഗത്തെത്തിയത്.
തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല മറ്റേതൊരു യോഗ്യതയും എന്നാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റാണ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആറ്റിങ്ങലില്‍ നിന്നുതോറ്റ എ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചതിനെയും കടുത്ത ഭാഷയില്‍തന്നെ അഡ്വ ജയശങ്കര്‍ വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോള്‍ ചില വിവരദോഷികള്‍ അത് വിവാദമാക്കി.
ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമിക്കാന്‍ ഒരുങ്ങുമ്പോള്‍ അതും ചില ഏഴാംകൂലികള്‍ വിവാദമാക്കുകയാണ്.
സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.ഉയര്‍ന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാര്‍ത്ഥികള്‍ തഴയപ്പെട്ടു എന്നാണ് കുബുദ്ധികള്‍ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.
അടിക്കുറിപ്പ്: നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദം!!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: