കൊച്ചി : കോവിഡ് 19 രോഗബാധിതനായ യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തില്‍ കയറി കടന്ന് കളയാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരേയും തിരിച്ചിറക്കി. വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ യുകെ സ്വദേശി കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെ അധികൃതരുടെ കണ്ണ് വെട്ടിച്ച് ദുബായിലേക്കുള്ള വിമാനത്തില്‍ കടന്ന് കളയുകയായിരുന്നു.
മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണ് ഈ യുകെ പൗരന്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിക്കുകയും നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സംഘം ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റേയും കണ്ണ് വെട്ടിച്ച് മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്തുകയായിരുന്നു. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു.
സ്രവ പരിശോധനയുടെ ഫലം പുറത്തു വന്നതോടെയാണ് യുകെ സ്വദേശിക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 270 യാത്രക്കാരേയും തിരിച്ചിറക്കി. എല്ലാവരെയും ആശുപത്രിയിലെത്തിച്ചാണ് പരിശോധിക്കുക.
അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: