ഈരാറ്റുപേട്ട: മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്ര, തലനാട് പഞ്ചായത്തിലെ വെള്ളാനി എന്നിവിടങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം പൂക്കാട്ടുപടി പുത്തന്‍പറമ്പില്‍ അമൃതിന്റെ മൃതദേഹമാണ് വെള്ളാനിയില്‍ കണ്ടെത്തിയത്. ഇരുമാപ്രയിലെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ടാണ് രണ്ടിടങ്ങളിലും മൃതദേഹം കണ്ടത്. മേലുകാവ് ഇരുമാപ്രയില്‍ കണ്ടത് മധ്യവയസ്‌ക്കന്റെ മൃതദേഹമാണ്. കോണിപ്പാട് ഇരുമാപ്ര റോഡില്‍ പള്ളിക്ക് സമീപത്തായി റോഡില്‍ നിന്നും 20 അടിയോളം താഴ്ചയില്‍ കൊക്കയിലാണ് മൃതദേഹം കിടന്നത്. രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. പൊതുവെ വിജനമായ മേഖലയാണിവിടം. മൃതദേഹത്തിന് സമീപത്തായി ഒരു കൈലിമുണ്ടും കിടപ്പുണ്ട്. പ്ലാസ്റ്റിക് കയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മറ്റെവിടെനിന്നെങ്കിലും കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്.
ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കൊക്കയില്‍ നിന്ന് പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കാണാതായ ആളുകളുടെ കേസുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രഥമദൃഷ്ട്യാ ദുരുഹതയുണ്ടെന്നാണ് സൂചന. മേലുകാവ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
വാഗമണ്‍ പുള്ളിക്കാനം കൊക്കയുടെ താഴെ തലനാട് വെള്ളാനി ഭാഗത്ത് പാറയിടുക്കില്‍ ആണ് അമൃതിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ പുള്ളിക്കാനം മലയിലേക്ക് കയറിപ്പോകുന്നത് ആളുകള്‍ കണ്ടിരുന്നു. ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: