തൃശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ മൂന്ന് ദിവസമായി രോഗിക്ക് പനിയും ചുമയും ജലദോഷവുമില്ലെന്ന് തൃശൂര്‍ ഡിഎംഒ ഡോ. റീന അറിയിച്ചു. മതിയായ അളവില്‍ ഭക്ഷണം കഴിക്കുന്നുണ്ട്. രോഗി ക്ഷീണിതനല്ലെന്നും ഡിഎംഒ അറിയിച്ചു.
അതേസമയം, രോഗി സഞ്ചരിച്ച റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തില്‍ ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഇടപഴകിയ 46 പേരെ ആരോഗ്യ വിഭാഗം കണ്ടെത്തി. ഇവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലാണ്. ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇവരെ നിരീക്ഷിച്ച് വരികയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
രോഗം സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങള്‍ കണ്ടെത്തി ഇന്നലെ റൂട്ട് മാപ്പ് തയാറാക്കിയിരുന്നു. ഇതില്‍ നിന്നാണ് 46 പേരെ കണ്ടെത്തിയത്. ഇയാളുമായി ബന്ധം പുലര്‍ത്തിയ ചിലര്‍ നേരിട്ട് വന്ന് റിപ്പോര്‍ട്ട് ചെയ്തതായും ഡിഎംഒ പറഞ്ഞു. ഇവരെയും നിരീക്ഷിക്കുന്നു.
കൊറോണ ബാധയുമായി ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയില്‍ എത്തിയ കുടുബത്തോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തതാണ് ഇയാള്‍. റാന്നിയിലെ കുടുംബത്തിന്റെ സമ്പര്‍ക്ക പട്ടിക തയാറാക്കിയപ്പോഴാണ് ഒപ്പം യാത്ര ചെയ്ത യുവാവിന്റെയും വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇദ്ദേഹത്തെ കണ്ടെത്തി ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മാര്‍ച്ച് ഏഴിനാണ് യുവാവിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: