ആലപ്പുഴ: പിണറായി വിജയന്റെ പിന്തുണ, കുട്ടനാട്ടില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് എന്‍സിപി സ്ഥാനാര്‍ഥിയാകും.
എന്‍സിപി പ്രവര്‍ത്തകരുടെയും ഒരു വിഭാഗം നേതാക്കളുടെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തോമസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. തോമസ് ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നപ്പോഴും, പിന്നീട് ഇടതുമുന്നണിയിലെത്തിയപ്പോഴും പിണറായി വിജയനുമായി അടുത്ത ബന്ധമാണ് തുടര്‍ന്നിരുന്നത്.
ഭൂമി കൈയേറ്റം തുടങ്ങി അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ പോലും ചാണ്ടിക്ക് പിണറായിയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. തോമസ് കെ. തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ ഭാര്യയും കുടുംബാംഗങ്ങളും, പിണറായി വിജയനെയും പാര്‍ട്ടി നേതൃത്വത്തെയും രേഖാമൂലം ആവശ്യമറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തോമസ് തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
എന്‍സിപിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ തര്‍ക്കം രൂക്ഷമായാല്‍ സിപിഎം സീറ്റ് എറ്റെടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ സിപിഎം ഉദ്ദേശിച്ചിടത്ത് കാര്യങ്ങളെത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സലിം പി. മാത്യുവിന്റെ പേരാണ് എന്‍സിപിയിലെ പ്രബലവിഭാഗം സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടിയിരുന്നത്.
പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സലിം പി. മാത്യുവിന് അവസരം നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. കുട്ടനാട് സീറ്റ് യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മാണിക്കാണ്. എന്നാല്‍ മാണി വിഭാഗത്തിലെ ഭിന്നത തുടരുന്നതിനാല്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.
എന്‍ഡിഎയില്‍ ബിഡിജെഎസാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇത്തവണയും ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
















