പ്രളയമായാലും കൊറോണയായാലും വിജയണ്ണനെ ആരും കുറ്റം പറയരുതെന്നാണല്ലോ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പ്രമാണം. വിജയണ്ണന് പക്ഷേ ആരെയും പറയാം. വിജയണ്ണന് നാട്ടുകാര്‍ക്ക് വായിക്കാനെന്ന പേരില്‍ പടച്ചിറക്കുന്ന പാര്‍ട്ടി വാറോലയ്ക്ക് ആരെയും എന്തും പറയാം. നാടും നാട്ടുകാരും ദുരന്തമുഖത്തുനില്‍ക്കുമ്പോള്‍ വിജയണ്ണനൊഴിച്ച് മറ്റാരും രാഷ്ട്രീയം പറയരുത്. വിജയണ്ണന് പറേന്നതൊക്കെ കേട്ട് മിണ്ടാതെ ഇരുന്നോണം. ഇനി അഥവാ വല്ലതും പറേണമെന്ന് തോന്നുന്നെങ്കില്‍ വെള്ളമിറങ്ങണം, കൊറോണ മാറണം. അല്ലാതെ മിണ്ടിയാല്‍ നിങ്ങളെ വിജയണ്ണന്റെ ആളുകള്‍ സംസ്ഥാനദ്രോഹിയാക്കി പ്രഖ്യാപിക്കും. സോഷ്യല്‍മീഡിയ വഴി ക്രൂശിക്കും. വലിച്ചുകീറി പടമാക്കി ചുവരേല് തേക്കും.
കൊറോണയെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനവും അതിനായുള്ള മാര്‍ഗദര്‍ശനവും നിര്‍ദേശവുമൊക്കെ രാജ്യത്തെ എല്ലാ സര്‍ക്കാരുകളും മുന്നോട്ടുവെച്ചിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ പറയുന്ന വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെടുന്ന പൊതുവായ പരിഹാരമാര്‍ഗം. ശൗചാലയം വേണമെന്ന് മോദി പറഞ്ഞപ്പോള്‍ അതങ്ങ് ഗുജറാത്തില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു നമ്പര്‍ വണ്‍ വിജയണ്ണനുയര്‍ത്തിയ പരിഹാസം. കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി പറഞ്ഞപ്പോള്‍ ‘മലയാളിയെ കൈകഴുകാന്‍ പഠിപ്പിക്കാന്‍ താനാരുവ്വാ’ എന്നായിരുന്നു സൈബര്‍പോരാളികളുടെ ആക്രോശം. ആക്ഷേപവും പരിഹാസവും കൂക്കിവിളിയുമൊക്കെ നടക്കുന്നതിനിടയില്‍ കേന്ദ്രപദ്ധതിയുടെ പണം വാങ്ങിയെടുക്കാന്‍ വെളിയിടവിസര്‍ജനവിമുക്ത പദ്ധതിയെന്നൊക്കെ വിജയണ്ണന് തോന്നുന്ന പേരിട്ട് ചില പ്രഹസനങ്ങള്‍ നടത്തിയതും കാണാതെ പോകരുത്.
നിയമസഭയില്‍ പക്ഷേ മാര്‍ക്സിസ്റ്റുകളുടെ ‘ടീച്ചറമ്മ’ കഴിഞ്ഞദിവസം പറഞ്ഞത് സൗമ്യതയുടെയും സമാധാനത്തിന്റെയും ഭാഷയിലായിരുന്നു. കൊറോണയെ കേരളം നേരിടുന്ന രീതിയെക്കുറിച്ച് ഒറീസയും മഹാരാഷ്ട്രയും ഒക്കെ ആരാഞ്ഞുവെന്നും അവര്‍ കേരളമോഡലിനെ പ്രശംസിച്ചെന്നും മന്ത്രി വിനയാന്വിതയായി. അതിനേക്കാള്‍ അതിശയിപ്പിച്ചത് ‘നമ്മള് സര്‍വജ്ഞരായതുകൊണ്ടോ അവര്‍ കുറവുള്ളവരായതുകൊണ്ടോ അല്ല ഈ അന്വേഷണമെ’ന്ന കെ.കെ. ശൈലജയുടെ പ്രതികരണമാണ്. എന്നാല്‍ വിജയണ്ണന് പ്രളയകാലത്ത് നടത്തിയ വിദ്വേഷപ്രചരണവും തള്ളും തുടരുകയാണ്.
കൊറോണ രോഗികളെ കേന്ദ്രം കൈവിട്ടു എന്നൊക്കെയാണ് വിജയണ്ണന്റെ ആക്ഷേപം. കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുകയും ‘പുരയ്ക്കുള്ളില്‍ ഇരുന്നാല്‍ മതി, പുറത്തിറങ്ങരുതെ’ന്ന് നിര്‍ദേശം നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയാണ് രാജ്യം എടുക്കുന്ന നിലപാടുകളെ ചോദ്യം ചെയ്യുന്നത്. പള്ളിക്കൂടങ്ങള്‍ മുതല്‍ സിനിമാതീയറ്ററുകള്‍ വരെ അടച്ചുപൂട്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ കൊറോണയെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. കൊറോണയുമായി വന്നിറങ്ങിയ റാന്നിസ്വദേശികള്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ കണ്ടെത്താന്‍ ഫേസ്ബുക്ക് വഴി പരസ്യം കൊടുത്തതും വിജയണ്ണന്റെ സര്‍ക്കാരാണ്. അതിനോടെല്ലാം പൊതുജനം സഹകരിച്ചു. സഹകരിച്ചുകൊണ്ടേയിരിക്കുന്നു. വിജയണ്ണന്റെ പാര്‍ട്ടിക്കാരൊഴിച്ച്. അവരാണെങ്കില്‍ ആലപ്പുഴയിലും എറണാകുളത്തും കൊല്ലത്തുമൊക്കെ പത്താളെക്കൂട്ടി സംഘടനാപരിപാടികള്‍ നടത്തുന്ന തിരക്കിലാണ്.
ഉത്സവങ്ങളും പള്ളിപ്പരിപാടികളും വരെ മാറ്റിവെച്ച കാലത്താണ് വിജയണ്ണന്റെ പാര്ട്ടിക്കാര് കൊറോണയെ വെല്ലുവിളിക്കുന്നതും വിജയണ്ണന് കേന്ദ്രത്തെ ആക്ഷേപിക്കുന്നതും. ഫെബ്രുവരി 26ന് തന്നെ കേന്ദ്രസര്‍ക്കാര്‍ കൊറോണബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായും കോറന്റൈന് വിധേയമാക്കണമെന്ന് നിര്‍ദേശം നല്‍കിയതാണ്. അങ്ങനെയൊന്ന് കണ്ടിട്ടേയില്ല എന്നമട്ടിലാണ് ടീച്ചറമ്മയുടെ നടപടികള്‍. എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങി നാട്ടിലെത്തി വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ കണ്ടിട്ട് ഏതെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ വിളിച്ചുപറയുമ്പോഴാണ് ആരോഗ്യമന്ത്രിയും വകുപ്പും കൊറോണബാധയെക്കുറിച്ച് അറിയുന്നത്. അത്രയും വിശാലമാണ് സൗകര്യങ്ങള്‍. എന്നിട്ടും വിശുദ്ധയുടെ തള്ളിന് കുറവില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണബാധിതര്‍ ഉള്ള സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ സംസ്ഥാനദ്രോഹിയാക്കുന്ന ചേലിലാണ് ടീച്ചറെ വിശുദ്ധയാക്കാന്‍ നടത്തുന്ന പിആര്‍ വര്‍ക്ക്.
ദല്‍ഹിയിലെ വേട്ടക്കാര്‍ക്ക് വേണ്ടി ബക്കറ്റ് പിരിവിനിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് കേരളം കൊറോണ ഭീതിയിലേക്ക് മാറിയത്. ഷഹീന്‍ബാഗില്‍ പൊലിഞ്ഞ ബക്കറ്റ് പിരിവിന്റെ സ്വപ്നം കൊറോണയില്‍ പൊടി തട്ടിയെടുക്കാനുള്ള സാധ്യത കാണുന്നുണ്ട്. ജാഗ്രത കൊറോണയോട് മാത്രം പോരാ എന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: