ആലുവ: വിദേശത്ത് വച്ച് ഇസ്ലാം മതം സ്വീകരിച്ച ശേഷം നാട്ടിലെത്തി ഹിന്ദു മത വിശ്വാസികളായ ഭാര്യയെയും മൂന്ന് പെണ്മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കും കുടുംബത്തിനും കൂടുതല്‍ പേര് പിന്തുണയുമായെത്തി. അദ്വൈതാശ്രമം സെക്രട്ടറിക്കും എസ്എന്‍ഡിപി യോഗം നേതാക്കള്‍ക്കും പുറമെ മുസ്ലീം ആത്മീയ നേതാവും യുവതിക്ക് പിന്തുണയുമായെത്തി.
ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദക്കൊപ്പം എറണാകുളം കോടതിക്ക് സമീപമുള്ള ജുമാ മസ്ജിദ് ഇമാം ഫൈസല്‍ അസ്ഹരിയും യുവതിക്ക് പിന്തുണയുമായി എത്തിയവരില്പ്പെടും. നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്ലാം മതം അംഗീകരിക്കുന്നില്ലെന്ന് ഇമാം ഫൈസല്‍ അസ്ഹരി പറഞ്ഞു. ചാലക്കലില്‍ മതം മാറ്റ ഭീഷണി നേരിടുന്ന പാലത്തിങ്കല്‍ വീട്ടില്‍ സുശീലന്റെ ഭാര്യ റൈനയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മതം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. അതില്‍ ആരും ഇടപെടേണ്ട ആവശ്യമില്ല. സുശീലന് വേണമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിക്കാം, അതിന്റെ പേരില്‍ ഭാര്യയെയും മക്കളെയും ഇസ്ലാം മതത്തില്‍ ചേരുന്നതിന് നിര്‍ബന്ധിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. അങ്ങനെ സംഭവിക്കുന്നത് ഇസ്ലാം മതത്തെ സുശീലന് പഠിക്കാത്തതിനാലാണ്. ഇക്കാര്യത്തില്‍ ഇസ്ലാം മതവിശ്വാസത്തിന് വിരുദ്ധമായി ആരെങ്കിലും സുശീലനെ സഹായിക്കുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാന് ശ്രമിക്കുമെന്നും ഫൈസല്‍ അസ്ഹരി പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നത് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ഇക്കാര്യത്തില്‍ മതേതര വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ഏത് മതവിശ്വാസിയായി ജീവിക്കണമെന്നത് വ്യക്തികളുടെ അവകാശവും സ്വാതന്ത്ര്യവുമാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്നും സ്വാമി പറഞ്ഞു. യുവതിക്കും കുടുംബത്തിനും അദ്വൈതാശ്രമത്തിന്റെ പിന്തുണയുണ്ടാകുമെന്നും സ്വാമി പറഞ്ഞു.യോഗം ജനറല്‍ സെക്രട്ടറിയും പിന്തുണ അറിയിച്ചു.മതം മാറ്റല്‍ ഭീഷണി നേരിടുന്ന യുവതിക്കും കുട്ടികള്‍ക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ അറിയിച്ചതായി യൂണിയന് പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എന്‍. രാമചന്ദ്രന്, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന് എന്നിവര്‍ അറിയിച്ചു.
യൂണിയന് നേതാക്കള്‍ യുവതിയുടെ വീട്ടിലെത്തിയാണ് യോഗം ജനറല്‍ സെക്രട്ടറിയുടെ പിന്തുണ അറിയിച്ചത്. നിര്‍ബന്ധിത മതം മാറ്റം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വി. സന്തോഷ് ബാബു പറഞ്ഞു. നിയമപരമായ എല്ലാ പിന്തുണയും നല്‍കും. രാജ്യത്തെ നിയമവ്യവസ്ഥക്ക് അകത്ത് നിന്ന് എല്ലാ പിന്തുണയും യുവതിക്കും കുടുംബത്തിനും നല്‍കുമെന്ന് കെ.എസ്. സ്വാമിനാഥന് പറഞ്ഞു. യുവതിയെയും മക്കളെയും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാനാണ് ഭര്‍ത്താവിന്റെ ശ്രമം. ഇത് തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് വൈസ് പ്രസിഡന്റ് പി.ആര്. നിര്‍മ്മല്‍കുമാര്‍, കൗണ്‍സിലര്‍ കെ.കെ. മോഹനന്, ആലുവ ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എന്‍. ദിവാകരന്, ശാഖ പ്രസിഡന്റ് എന്‍.ഐ. രവീന്ദ്രന്, സെക്രട്ടറി സുനില്‍കുമാര്‍, കുടുംബ യൂണിറ്റ് കണ്‍വീനര്‍ സജീഷ് പത്മനാഭന്, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി കെ.വി. രാജന് എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: