ഇസ്ലാമാബാദ്: കൊറോണവൈറസുമായി ബന്ധപ്പെട്ട് മോദി നടത്തിയ ആഹ്വാനത്തിന് പാക്കിസ്ഥാന് അംഗീകാരം നല്കി. കോവിഡ് 19നെതിരെ പോരാടുന്നതിനായി സാര്‍ക് രാജ്യങ്ങളുടെ നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചകള്‍ നടത്തി പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നതാണ് പാക് സര്‍ക്കാര്‍ അംഗീകരിച്ചത്.
പാക്കിസ്ഥാന് ഒഴികെയുള്ള സാര്‍ക് രാജ്യങ്ങള്‍ മോദിയുടെ ആഹ്വാനത്തെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. അതിനുശേഷമാണ് പാക് സര്‍ക്കാരും ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഡിനെതിരെ ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഏകോപനം വേണ്ടതിന്റെ ആവശ്യകത അംഗീകരിച്ച് സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നും പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. സാര്‍ക് രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതലയും നല്‍കിയിട്ടുമുണ്ട്.
ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി പടരുന്ന കൊറോണ വൈറസ് ബാധ തടയുന്നതിനായി സാര്‍ക് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ആഗോള ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദക്ഷിണ ഏഷ്യ, ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടണം. ഇവ സംബന്ധിച്ച് രാഷ്ട്രങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നമാണ് മോദി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്.
സങ്കീര്‍ണമയ ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നുവെന്ന് മാലിദ്വീപ് പ്രസിഡന്റ ഇബ്രാഹിം മൊഹമ്മദ് സോലി അറിയിച്ചിരുന്നു. കൂടാതെ കൊറോണ മഹാമാരിയില്‍ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ സാര്‍ക്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പറഞ്ഞു.
കൊറോണയെ പരാജയപ്പെടുത്താന്‍ ഇത്തരത്തില്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. മോദി ആഹ്വാനം ചെയ്തത് മഹത്തായ സംരംഭമാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബായ രാജപക്സെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: