തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കമ്മിറ്റിക്കാര്‍ക്ക് തലവേദനയായി. ഈ മാസം നടക്കേണ്ട ഉത്സവാഘോഷങ്ങളെല്ലാം പൂജാചടങ്ങുകളില്‍ ഒതുക്കണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സര്‍ക്കുലര്‍ നല്കി. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളില്‍ കൂടുതലും ഉത്സവം നടക്കാനിരിക്കുന്നതേയുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് ഉത്സവാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും തുടങ്ങി. ഇതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് എത്തിയ വൈറസ് ബാധ.
ഉത്സവ ആഘോഷങ്ങളിലെ കലാപരിപാടികള്‍ ബുക്ക് ചെയ്യുന്നതിന് ഓരോ ക്ഷേത്ര കമ്മിറ്റികളും പതിനായിരക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. ഈ തുകയില്‍ കൂടുതലും കമ്മിറ്റി അംഗങ്ങളുടെ പക്കല്‍ നിന്നാണ് നല്‍കിയത്. ഉത്സവത്തോടെയാണ് ഈ തുക തിരികെ ലഭിക്കുക. ചില ക്ഷേത്രങ്ങളില്‍ സിനിമാ മേഖലയിലെയും സംഗീത മേഖലയിലെയും ഒന്നാംകിട കലാകാരന്മാരുടെ പരിപാടികളും ബുക്ക് ചെയ്തിരുന്നു. ചില പരിപാടികള്‍ക്ക് പത്ത് ലക്ഷം രൂപയിലധികം വരും. ഇതിന്റെ നാല്‍പ്പത് ശതമാനം തുക മുന്‍കൂറായി നല്കിയാല് മാത്രമെ അനുമതി നല്‍കൂ. ഇത്തരത്തിലും ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയവരുണ്ട്.
പരിപാടി റദ്ദ് ചെയ്താല്‍ ഈ തുക തിരികെ നല്‍കില്ലെന്നാണ് കരാര്‍ വ്യവസ്ഥ. അതിനാല്‍, ഉത്സവ കമ്മിറ്റിക്ക് തിരികെ ലഭിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാടികള്‍ വയ്ക്കുന്നതില്‍ നിയന്ത്രണമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ നടക്കില്ല. നടക്കാത്ത ആഘോഷ പരിപാടിക്ക് ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്കിയ തുക തിരികെയെടുക്കാനും ആഘോഷ കമ്മിറ്റിക്ക് സാധിക്കില്ല. ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടെ സംഭാവനയുടെ വരവും കുറയും. അതിനാല്‍, ചെലവഴിച്ച തുക തിരികെ ലഭിക്കണമെങ്കില്‍ ഇനി ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം.
സ്വകാര്യ ക്ഷേത്രങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. അഡ്വാന്‍സ് നല്കിയ തുകകള്‍ തിരികെ ലഭിക്കില്ലെന്ന് കലാപരിപാടി ബുക്കിങ് സംഘങ്ങള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് ആഘോഷ പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസും റവന്യൂ വകുപ്പും നടപടികള്‍ സ്വീകരിച്ചു. അന്നദാനം നടക്കുന്ന ക്ഷേത്രങ്ങളിലെത്തി നര്‍ത്തിവയ്പ്പിച്ചു. നോട്ടീസ് നല്കി നിയമ ലംഘനത്തിന് കോസെടുത്തു. ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ സ്ഥിതിയും പരിതാപകരമാകും. ഉത്സവ ആഘോഷങ്ങള്‍ നടക്കുമ്പോഴാണ് ക്ഷേത്ര വരുമാനം വര്‍ധിക്കുന്നത്. ആഘോഷങ്ങള്‍ ഇല്ലാതാകുന്നതോടെ ക്ഷേത്രങ്ങളിലെ സാമ്പത്തിക സ്ഥിതി ദയനീയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: