തിരുവനന്തപുരം: കൊറോണ ഭീഷണി അതിജീവിക്കാന്‍ ബാറുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കാറോണ കണ്‍ട്രോള്‍ സെല്‍. ആളുകള്‍ കൂട്ടം കുടുന്നത് ഒഴിവാക്കുകയും വീടിന് പുറത്തേയ്‌ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുക എന്നിങ്ങനെ നിര്‍ദേശങ്ങളും യോഗം വിലയിരുത്തി. മതപരമായ ആചാരങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
സമൂഹത്തില്‍ ഇടനീളം രോഗം വ്യാപകമാകുന്ന അവസ്ഥ ഉണ്ടാകാന്‍ ഇടയുള്ളതായും വിദഗ്ധര്‍ അഭിപ്രായം ഉയര്‍ത്തി. ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും എടുത്തുകാട്ടിയ ഐഎംഎ മാസ്‌ക് ഉപയോഗത്തില്‍ നിലവിലുള്ള ആശയക്കുഴപ്പം ഒഴിവാക്കേണ്ടതാണെന്നും യോഗം പറഞ്ഞു. രോഗലക്ഷണം ഉള്ളവരും, രോഗിയെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുമാണ് മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി.
















