ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഗൂഗിള്‍ ജീവനക്കാരനാണ് വൈറസ് ബാധ. ഇതോടെ സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണം അഞ്ചായി.
കൊറോണ വ്യാപനം തടയാന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഒരാഴ്ച സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്ത ഒരാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണം.
സ്കൂള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവ ഒരാഴ്ച അവധി നല്‍കണം. മാളുകള്‍, തിയെറ്ററുകള്‍, പബ്ബുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ എത്തിച്ചേരുന്ന കേന്ദ്രങ്ങള്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച അടച്ചിടണം.
അതിനിടെ, കൊറോണ രോഗം ബാധിച്ച് കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന് മരിച്ച സാഹചര്യത്തില്‍ മകന്, മകള്‍, മരുമകള്‍, മരുമകന്, ഇവരുടെ നാല് കുട്ടികള്‍ എന്നിവരെ കലബുറഗി ഇഎസ്ഐ ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
മുതിര്‍ന്നവര്‍ക്ക് നാലു പേര്‍ക്കും പനിയും ചുമയും അനുഭവപ്പെട്ടതിനാല്‍ ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ബെംഗളൂരു വൈറോളജി റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: