തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 19 ആയി. 1715 രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കഴിഞ്ഞ ദിവസം വൈറസ് സംശയിച്ച വെള്ളനാട് സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. വര്‍ക്കല സ്വകാര്യ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇറ്റലിയിലെ പൗരനും യുകെയില്‍ നിന്നെത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി പത്ത് ദിവസമായി നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വെള്ളനാട് സ്വദേശിക്കൊപ്പം വിമാനത്തില്‍ ഉണ്ടായവരടക്കം 91 പേരുടെ പട്ടിക തയാറാക്കി. അതില്‍ 10 വിദേശികളടക്കം 30 പേരെ തിരിച്ചറിഞ്ഞു. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇറ്റാലിയന്‍ പൗരനുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയാനുംശ്രമമാരംഭിച്ചു. തിരുവനന്തപുരം-മൂന്ന്, പത്തനംതിട്ട-ഒമ്പത്, കോട്ടയം-രണ്ട്, എറണാകുളം-മൂന്ന് വീതവും തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോത്തര്‍ക്കു വീതവുമാണ് കൊറോണ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ 5468 പേര് വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലായി. 5191 പേര് വീടുകളിലും 277 പേര് വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇന്നലെ പുതിയതായി 69 പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് 13, കണ്ണൂരില്‍ 16 പേരെ ഇന്നലെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കിയില്‍ ഇന്നലെ രോഗലക്ഷണങ്ങള്‍ പുതുതായി ആരിലും കണ്ടെത്തിയിട്ടില്ല. ശേഷിക്കുന്ന 11 ജില്ലകളിലും പത്തില്‍ താഴെ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. പത്തനംതിട്ടയില്‍ ഇന്നലെ ലഭിച്ച 10 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയത് ജില്ലയ്ക്ക് വലിയ ആശ്വാസം പകര്‍ന്നു.
അതേസമയം, രണ്ടാം സമ്പര്‍ക്ക ലിസ്റ്റിലുള്ള ഒരാള്‍ മരിച്ചത് ചെറിയ ആശങ്ക ഉളവാക്കി. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചു. കൊറോണ പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്കാരം നടത്തുക. തൃശൂരില്‍ രോഗം സ്ഥിരീകരിച്ച ആള് വിവാഹ നിശ്ചയത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ റൂട്ട് മാപ്പ് അടക്കമുള്ളവ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: