കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ മുഖമാണ് കപില്‍ സിബല്‍. സുപ്രീംകോടതിയില്‍ കേസുകള്‍ വാദിക്കുന്ന അതേ മികവോടെയാണ് സിബല്‍ സഭയിലും സംസാരിക്കുക. രാഹുല്‍ ഗാന്ധിയെപ്പോലെയോ ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെപ്പോലെയോ വായില്‍ത്തോന്നുന്നത് വിളിച്ചുപറയുന്നത് സിബലിന്റെ രീതിയുമല്ല. അതിനാല്‍ത്തന്നെ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കപില്‍ സിബല്‍ വ്യാഴാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവന ഇത്രകാലം പ്രചരിപ്പിച്ച കള്ളങ്ങള്‍ തകരുന്നതിന്റെ വ്യക്തമായ സൂചന തന്നെയാണ്. പൗരത്വ നിയമ ഭേദഗതി നടപ്പിലായതു കാരണം ആരുടെയങ്കിലും പൗരത്വം നഷ്ടമാവുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സിബലിന്റെ വാക്കുകള്‍. യാഥാര്‍ഥ്യം അതാണെന്ന് ഉറപ്പുണ്ടെങ്കില്‍ രാഷ്ട്രത്തോടും സമൂഹത്തോടും മാപ്പുപറയാന്‍ സിബല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം.
ആഴ്ചകളായി രാജ്യത്തിന്റെ മുക്കിലും മൂലയിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതുവരെ പ്രചരിപ്പിച്ചതെല്ലാം പെരുംനുണകളായിരുന്നു എന്ന് ആ പാര്‍ട്ടിയുടെ സമുന്നത നേതാവു തന്നെ തുറന്നു പറയുന്നു. അതും പാര്‍ലമെന്റിനുള്ളില്‍ വച്ച്. പൊളിയുന്ന നുണകളുടെ സാക്ഷ്യപ്പെടുത്തലാണ് ഫലത്തില്‍ സിബലിന്റെ വാക്കുകള്‍. പൗരത്വ നിയമ ഭേദഗതി മൂലം ആരുടേയും പൗരത്വം നഷ്ടമാവില്ലെന്ന് അറിയാമായിരുന്നെങ്കില്‍ പിന്നെന്തിനായിരുന്നു രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളെ ആഴ്ചകളായി തെരുവിലിറക്കിയത്? എന്തിനായിരുന്നു ജെഎന്‍യുവും ജാമിയമിലിയ സര്‍വകലാശാലകള്‍ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു പൗരത്വനിയമ ഭേദഗതിയെക്കെതിരായ സമരം പടര്‍ത്തിയത്? കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചത് എന്തിനായിരുന്നു? ന്യൂനപക്ഷങ്ങളോടു വീടുവിട്ടു തെരുവിലിറങ്ങാന്‍ സോണിയ ഗാന്ധിതന്നെ ആഹ്വാനം ചെയ്തത് എന്തിനായിരുന്നു? കേരളത്തില്‍ 1921ലെ മാപ്പിള ലഹളയുടെ മാതൃകയിലുള്ള കലാപത്തിന്റെ വക്കുവരെ കാര്യങ്ങള്‍ കൊണ്ടു ചെന്ന് എത്തിച്ചതില്‍ കപില്‍ സിബലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കു വലിയ പങ്കുണ്ട്. ഒട്ടേറെ ചോദ്യങ്ങള്‍ക്കു കോണ്‍ഗ്രസ് ഉത്തരം പറഞ്ഞേ മതിയാവൂ. രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ മുഴങ്ങിക്കേട്ടത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ അനുഗ്രഹത്തോടെയായിരുന്നു.
രാജ്യതലസ്ഥാനത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ കലാപമുണ്ടാവുന്ന സാഹചര്യത്തിലേക്ക് നയിച്ച വ്യാജപ്രചാരണങ്ങളുടെ യഥാര്‍ത്ഥ ശില്‍പ്പികള്‍ കോണ്‍ഗ്രസ് ആണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. മരണ സംഖ്യ 52ല്‍ ഒതുങ്ങിയത് കേന്ദ്ര സര്‍ക്കാരിന്റേയും പൊലീസിന്റേയും കൃത്യമായ ഇടപെടല്കൊണ്ടുമാത്രമായിരുന്നു. ഷഹീന്‍ബാഗില്‍ രണ്ടുമാസത്തോളം തെരുവില്‍ രാപകല്‍ സമരം നടത്തിയവരോട് ഇക്കാര്യം തുറന്നു പറയാനുള്ള ആര്‍ജവം കാണിക്കാന്‍ കോണ്‍ഗ്രസ്സിന്റെ മേലാളന്മാര് തയ്യാറാവേണ്ടിയിരിക്കുന്നു. രാജ്യത്തെ ഉത്തരവാദിത്ത്വപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയെന്ന കടമ നിര്‍വഹിക്കാതെ രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിട്ടതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക് സുവ്യക്തവുമാണ്. ദല്‍ഹി കലാപാനന്തരം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസാന്തരമുണ്ടായോ എന്നതാണ് ഇപ്പോഴത്തെ സംശയം. സോണിയ ഗാന്ധി മുതല്‍ ജ്യോതികുമാര്‍ ചാമക്കാല വരെയുള്ളവര്‍ ഒരേപോലെ ആവര്‍ത്തിച്ച നുണക്കഥകള്‍ കോണ്‍ഗ്രസ് പതിയെ വിഴുങ്ങുകയാണെന്നാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ദല്‍ഹി കലാപ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്. കലാപാനന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാവും കോണ്‍ഗ്രസിന്റെ മാനസാനന്തരത്തിന് പിന്നില്‍.
ദല്‍ഹി കലാപം സംബന്ധിച്ച ചര്‍ച്ച ഹോളിക്ക് ശേഷം ഇരുസഭകളിലും നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ചര്‍ച്ച. ഇരുസഭകളിലും നടന്ന ചര്‍ച്ച കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും തൊലിയുരിച്ച് നിര്‍ത്തുന്നതിന് സമാനമായിരുന്നു. ഘട്ടംഘട്ടമായി, സംഘടിതമായി നടത്തിയ വ്യാജ പ്രചാരണങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാണിച്ച് ബിജെപി എംപിമാര്‍ പ്രസംഗിച്ചപ്പോള്‍ പലപ്പോഴും മറുപടിയില്ലാതെ മറ്റു വിഷയങ്ങളിലേക്ക് കോണ്‍ഗ്രസിന് പോകേണ്ടിവന്നു. അതിന്റെ ഒടുവിലാണ് രാജ്യസഭയിലെ ചര്‍ച്ചയില്‍, പൗരത്വ നിയമ ഭേദഗതി ആരുടേയും പൗരത്വം കളയുമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് സിബല്‍ സമ്മതിച്ചത്.
അതിരൂക്ഷമായ മറുപടിയാണ് സിബലിന് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്ന് ലഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങളുടെ മനസ്സില്‍ ഭീതി കുത്തിനിറച്ചത് പൗരത്വ നിയമ ഭേദഗതി അവരുടെ പൗരത്വം എടുത്തു കളയുമെന്ന് പറഞ്ഞുകൊണ്ടായിരുന്നില്ലേയെന്ന് അമിത് ഷാ രാജ്യസഭയില്‍ രോഷത്തോടെ പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിരവധി പ്രസംഗങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അമിത്ഷാ സഭയെ അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയല്ല, ദേശീയ പൗരത്വ രജിസ്റ്ററാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് പറഞ്ഞ് സിബല്‍ വഴിതിരിക്കാന്‍ നോക്കിയെങ്കിലും സിഎഎ വിരുദ്ധസമരങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതായിരുന്നു സിബലിന്റെ രാജ്യസഭാ പ്രസംഗം.
ലോക്സഭയിലും രാജ്യസഭയിലും നന്നായി സംസാരിക്കാനറിയാവുന്ന നേതാക്കളുടെ അഭാവം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് ദല്‍ഹി കലാപ ചര്‍ച്ച പാര്‍ലമെന്റിന്റെ ഇരുസഭകളും പരിഗണിച്ചപ്പോള്‍ കടന്നുപോയത്. ബിജെപിയാവട്ടെ ലോക്സഭയില്‍ മീനാക്ഷി ലേഖി മുതല്‍ തേജസ്വി സൂര്യ വരെയുള്ള നേതാക്കളെ അണിനിരത്തി നിലപാട് വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് പലപ്പോഴും മറുപടികള്‍ നഷ്ടമായി. പ്രതിപക്ഷത്തിന് നേതാക്കള്‍ ഏറെയുള്ള രാജ്യസഭയിലെങ്കിലും ചര്‍ച്ചയിലെ മേല്‍ക്കൈ കോണ്‍ഗ്രസ് ആഗ്രഹിച്ചെങ്കിലും സിബലിന്റെ കുറ്റസമ്മതത്തോടെ പ്രതിപക്ഷ നിരയാകെ നിരാശയിലായി. കൃത്യവും വ്യക്തവുമായ മറുപടികളുമായി അമിത് ഷാ ഇരുസഭകളിലും മേധാവിത്വം നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: