ആത്മസ്വരൂപത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു.
ശ്ലോകം 133
ജ്ഞാതാ മനോളഹങ്കൃതി വിക്രിയാണാം
ദേഹേന്ദ്രിയപ്രാണകൃത ക്രിയാണാം
അയോളഗ്നിവത്താനനുവര്ത്തമാനോ
ന ചേഷ്ടതേ നോ വികരോതി കിഞ്ചന
മനസ്സ്, അഹങ്കാരം എന്നിവയുടെ വികാരങ്ങളേയും ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്മാര് എന്നിവയുടെ ക്രിയകളേയും അറിയുന്നവനുമാണ് ആത്മാവ്. എന്നാല്‍ അഗ്നി ഇരുമ്പു ഗോളത്തിലെന്നപോലെ അതിലെല്ലാം വ്യാപിച്ച് ആ രൂപങ്ങളില്‍ ഇരിക്കുന്നവനുമായ ആത്മാവ് ഒന്നും ചെയ്യുന്നില്ല. ഒരു തരത്തിലുള്ള മാറ്റവും അതിനുണ്ടാകുന്നില്ല.
മനസ്സിന്റെ ബുദ്ധിയുടേയും ധര്‍മ്മങ്ങളായ സുഖദുഃഖങ്ങളെ അറിയുന്നവനാണ് ആത്മാവ്. ജ്ഞാനസ്വരൂപമായ ആത്മാവിന്റെ സാന്നിദ്ധ്യത്തിലാണ് എല്ലാം അറിയുന്നത്. അല്ലെങ്കില്‍ ഒന്നുമറിയാനാകില്ല.
ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്ന അഭിമാനം അഹങ്കാരമാണ്. ഉള്ളിലെ സംഭവങ്ങളെ അറിയുന്നതും പുറമെയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും അഹങ്കാരം കൊണ്ടാണ്.കര്‍തൃത്വഭോക്തൃത്വ അഹങ്കാരത്തെ തന്നെയാണ് ജീവന് എന്ന് വിളിക്കുന്നത്.
പരമാത്മാവ് ശരീരം മുതലായ ഉപാധികളുമായി ചേര്‍ന്നിരിക്കുമ്പോള്‍ ‘ജീവന്’ എന്ന് അറിയപ്പെടുന്നു. വാസ്തവത്തില്‍ അതിന് ചെയ്യുന്നവനെന്നോ അനുഭവിക്കുന്നവനെന്നോ ഭാവമില്ല.
പല തരത്തിലും രൂപത്തിലുമുള്ള ഇരുമ്പു കഷ്ണങ്ങള്‍ തീയിലിട് ചുട്ടുപഴുപ്പിച്ചാല്‍ അവയുടെ ആകൃതികളില്‍ അഗ്നിയെ കാണാന്‍ കഴിയും. വട്ടത്തിലും ചതുരത്തിലും പന്ത് പോലെയുമൊക്കെ അവയെ കാണാം. അഗ്നിയ്ക്ക് സ്വന്തമായ രൂപമില്ല, എങ്കിലും. അഗ്നി വ്യാപിച്ച ഇരുമ്പു കഷ്ണങ്ങളുടെ രൂപത്തിലാകുന്നു.
അതുപോലെ ഉപാധികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഭേദമനുസരിച്ച് ആത്മചൈതന്യം അതുപോലെയിരിക്കുന്നതോ പ്രവര്‍ത്തിക്കുന്നതായി തോന്നും.ഓരോന്നിനോടും ചേര്‍ന്ന് നില്ക്കുമ്പോള് അതിനെ വേണ്ട പോലെയാക്കുന്നു. വൈദ്യുതിയ്ക്ക് പ്രത്യേകിച്ച് രൂപമൊന്നുമില്ല. എന്നാല്‍ അത് പലതരത്തിലുള്ള ബള്‍ബുകളിലും മറ്റും അതാതിന്റെ പ്രകാശമായും മറ്റ് വൈദ്യുതോപകരണങ്ങളില്‍ അവയുടെ പ്രവര്‍ത്തനമായും കാണാം. ഫാനില്‍ കാറ്റായും ഹീറ്ററില്‍ ചൂടായും ഫ്രിഡ്ജിലും എയര്‍ കണ്ടീഷണറിലും തണുപ്പായും മൈക്കിലും മറ്റും ശബ്ദമായും അത് പ്രകടമാകും. വൈദ്യുതിയില്ലെങ്കില്‍ ഇവയൊക്കെ വെറും കാഴ്ചവസ്തുക്കള്‍ മാത്രം, അല്ലെങ്കില്‍ ഒന്നിനും കൊള്ളാത്തവയായിക്കും.
സൂര്യപ്രകാശം ഓരോന്നിലും പതിക്കുമ്പോള്‍ അവയുടെ ആകൃതി കൈകൊള്ളുന്നതുപോലെ തോന്നും.സൂര്യപ്രകാശം ഇന്ന ആകൃതിയിലെന്ന് പറയാനാവില്ല. അത് വന്ന് തട്ടുന്ന വസ്തുവിനെ ആശ്രയിച്ചിരിക്കും.ഉള്ളിലെ അനുഭവങ്ങളെ പ്രകാശിപ്പിക്കുമ്പോള്‍ ആത്മചൈതന്യത്തെ ഭോക്താവ് അഥവാ അനുഭവിക്കുന്നയാള്‍ എന്ന അഭിമാനത്തെ പറയാം. പുറമെയുള്ള കര്‍മ്മങ്ങളെ പ്രകാശിപ്പിക്കുമ്പോള്‍ കര്‍ത്താവ് എന്ന അഭിമാനത്തേയും കാണാം. യഥാര്‍ത്ഥത്തില്‍ ആത്മാവ് കര്‍ത്താവോ ഭോക്താവോ അല്ല. അങ്ങനെയുണ്ടെന്ന് തോന്നുന്നെങ്കില്‍ ഭ്രമം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: