ന്യൂദല്‍ഹി : നജഫ് ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തൊന്നാമത് വലിയ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെയാണ് വലിയ പൊങ്കാല. രാവിലെ 4:30ന് നിര്‍മ്മാല്യ ദര്‍ശനം. 5 മണിക്ക് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, വിറക് മുതലായവ ക്ഷേത്രത്തിലെത്തി. ശര്‍ക്കരയും മറ്റു സാമഗ്രികളും പായ്‌ക്കു ചെയ്തു കഴിഞ്ഞു.
എല്ലാ വര്‍ഷവും മീന മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തില്‍ എല്ലാ മാസവും കാര്‍ത്തിക നക്ഷത്രത്തില്‍ കാര്‍ത്തിക പൊങ്കാല ഉള്ളതുകൊണ്ടാണ് വര്‍ഷത്തിലൊരിക്കലുള്ള പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്.
രാവിലെ നിര്‍മ്മാല്യ ദര്‍ശനം, മഹാഗണപതിഹോമം, ഉഷ:പൂജ, പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരല്‍, തുടര്‍ന്ന് പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥം തളിക്കല്‍, കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഹസ്ത്സാല്‍ ശ്രീ ശാസ്താ ഭജന സമിതിയുടെ ഭജനയും അന്നദാനവും ഉണ്ടാവും.
നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഭക്തജനങ്ങള്‍ പൊങ്കാല മഹോത്സവത്തിനായി എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേത്ര മനേജര്‍ ഉണ്ണിപ്പിള്ള (9354984525) ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
















