മല്ലപ്പള്ളി: കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാനായി നിരവധി നടപടികൾ സർക്കാരിന്റേയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തു നിന്നും തുടരുന്നുണ്ടെങ്കിലും സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലകൾ അടയ്‌ക്കാത്തത് ആക്ഷേപത്തിന് കാരണമാകുന്നു. കൊറോണയുടെ അതിവ്യാപനം തടയാൻ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ, സർക്കാർ, രാഷ്‌ട്രീയ പൊതുയോഗങ്ങൾ, വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകളെല്ലാം ഏറ്റവും ലളിതമായി നടത്താനും തിരക്കൊഴിവാക്കാനും പറയുന്ന ആരോഗ്യവകുപ്പ് സർക്കാരിന്റെ മദ്യശാല അടച്ചിടാത്തത് സാമ്പത്തിക സ്രോതസ് ഇല്ലാതാകുമെന്ന ഭയത്താലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സർക്കാർ നിയന്ത്രണത്തിലുള്ള വിദേശ മദ്യഷോപ്പുകളെല്ലാം നിർബാധം പ്രവർത്തിക്കുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ലക്ഷങ്ങൾ ഇവയുടെ മുമ്പിൽ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നു. സിനിമാ തിയേറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതി, പ്രതിവാര ചന്തകൾ പോലും പ്രവർത്തനം നിയന്ത്രിച്ചിരിക്കുന്നതോ നിർത്തിവച്ചിരിക്കുന്നതോ ആയ ഘട്ടത്തിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ സിവിൽ സപ്ലൈസ് അധീനതയിലുള്ള മദ്യവിതരണ ശൃംഘല നിർബാധം പ്രവർത്തിക്കുന്നത്.
ബിവറേജിന് മുന്നിൽ വരിനിൽക്കുന്നവർക്ക് അണുബാധയുണ്ടാവില്ലേ? മദ്യം വാങ്ങാൻ നില്ക്കുന്നവർക്കോ മദ്യം കുടിച്ചിട്ടു നിൽക്കുന്നവർക്കോ കോവിഡ്-19 നെ ചെറുക്കാൻ പ്രത്യേക പ്രതിരോധ കഴിവുണ്ടോ? മദ്യം അവശ്യ സാധനങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സർക്കാരിന്റെ ബിവറേജ് ഷോപ്പുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിലൂടെ ആരോഗ്യവകുപ്പിനോട് ജനങ്ങൾ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: