തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതു ചന്തകൾ നടത്തുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദേശം പാലിക്കാതെ പ്രവർത്തിച്ച പരുമല ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് നിർത്തി വെപ്പിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ പരുമല – പാണ്ടനാട് റോഡിൽ പരുമല പള്ളിക്ക് സമീപത്തായി നടന്നു വന്ന ചന്തയുടെ പ്രവർത്തനമാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നിർത്തി വെപ്പിച്ചത്.
മാർച്ച് 31 വരെ ചന്ത പ്രവർത്തിപ്പിക്കരുതെന്ന നിർദേശം അധികൃതർ കച്ചവടക്കാർക്ക് നൽകി. പരുമല പാലം മുതൽ പള്ളിയുടെ പ്രധാന കവാടം വരെയുള്ള അര കിലോമീറ്ററോളം ദൂരത്തിൽ റോഡിന് ഇരു വശവുമായി നിർത്തിയിട്ട വാഹനങ്ങളിലും താൽക്കാലിക ഷെഡുകളിലുമായാണ് ചന്ത പ്രവർത്തിക്കുന്നത്.
നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ചകളിൽ ഇവിടെ സാധനങ്ങൾ വാങ്ങാനായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇങ്ങനെ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായാണ് ചന്തയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: