കോഴിക്കോട്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ വിവിധ ഉത്തരവുകളിലെ വൈരുധ്യങ്ങളും ആശയക്കുഴപ്പവും അവസാനിപ്പിച്ച് ഉത്തരവിറക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.
ഏഴാം ക്ലാസ് വരെയുള്ള സ്കൂളുകള്‍ക്ക് പരീക്ഷകള്‍ ഒഴിവാക്കി മാര്‍ച്ച് 31 വരെ മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചെങ്കിലും പൊതുഭരണ (ഏകോപനം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജോതിലാലിന്റെ ഉത്തരവ് പ്രകാരം അവധി മാര്‍ച്ച് 11 വരെയാണ്. ഇതേ കാലയളവാണ് പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ. ഷാജഹാന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബുവിന്റെയും ഉത്തരവിലുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം അവധി ദിവസങ്ങളില്‍ പരീക്ഷകളില്ലെങ്കില്‍ അധ്യാപകര്‍ സ്കൂളില്‍ വരേണ്ടതില്ലെന്നാണ് നിര്‍ദേശം. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം അവധി ദിവസങ്ങളില്‍ അധ്യാപകര്‍ വിദ്യാലയങ്ങളില്‍ എത്തേണ്ടതില്ല.
എന്നാല്‍ വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും അധ്യാപകര്‍ എല്ലാവരും വിദ്യാലയത്തില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്. വിവിധ വകുപ്പുകളുടെയും മന്ത്രിമാരുടെയും ഉത്തരവുകളില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. വൈറസ് വ്യാപനം തടയാനാണ് ലക്ഷ്യമെങ്കില്‍ അധ്യാപകര്‍ക്കും അവധി നല്‍കേണ്ടതാണ്. മണിക്കൂറുകളോളം യാത്രചെയ്ത് ഒപ്പിടാന്‍ മാത്രം അധ്യാപകര്‍ വിദ്യാലയത്തില്‍ എത്തണമെന്ന മന്ത്രിയുടെ വാശി ബാലിശമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ടി. അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: