തിരുവനന്തപുരം:കോവിഡ് 19 നെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലേക്ക് ഇനി നേരിട്ടെത്തും. ഇതിനായി ജിഒകെ ഡയറക്ട് മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ തയ്യാറാക്കി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് 19നെ നേരിടുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ് പി. ആര്. ഡി തയ്യാറാക്കിയത്.
കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങള്‍ എത്തിക്കുന്നതിന് മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ വിവരം മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് നേരിട്ട് വിളിക്കാനുമാവും. ടെക്സ്റ്റ് മെസേജ് അലര്‍ട്ട് സംവിധാനത്തിലൂടെ നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിലും വിവരം ലഭ്യമാക്കും. ഇത്തരം ഫോണുകളില്‍ മിസ്ഡ് കാളിലൂടെ വിവരം ലഭിക്കുന്നതിനുള്ള സംവിധാനം ഉടന്‍ തയ്യാറാകും.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ് ഉടന്‍ ലഭ്യമാവും. ആപ്പിന്റെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തും ഉപയോഗിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപയുണ്ടായപ്പോഴും ജില്ലാ ഭരണകൂടത്തിനു വേണ്ടി ഇതേ കമ്പനി ആപ്പ് തയ്യാറാക്കിയിരുന്നു. കോവിഡ് 19 നിയന്ത്രണ വിധേയമായ ശേഷം സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാനാവും.
മൊബൈല്‍ ആപ്പിന് വ്യാപകമായ പ്രചാരണം നല്‍കും. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ആരോഗ്യവകുപ്പ് വഴി ആപ്പിന്റെ വിവരം എത്തിക്കും. കേരളത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇതേക്കുറിച്ച് വിവരം നല്‍കുന്നതിന് എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ സംവിധാനം ഒരുക്കും. കൂടാതെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും പ്രചാരണം നല്‍കും.
മൊബൈല്‍ ആപ്പിന്റെ ലിങ്ക്:http://qkopy.xyz/prdkerala
പ്രതികരിക്കാൻ ഇവിടെ എഴുതുക: