മുംബൈ:കൊറോണ ഭീതി ക്രിക്കറ്റ് ലോകത്തേയും ഗൗരവമായി ബാധിക്കുന്നു. ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംബന്ധിച്ച് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്. ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കൊറോണ ഭീതി അവസാനിക്കും വരെ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനൊരുങ്ങുകയാണ് ബിസിസിഐ. ഇതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ച മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവൂ. മാത്രമല്ല, ഏപ്രില്‍ 15വരെ വിദേശതാരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഐപിഎല്ലിലെ വിദേശതാരങ്ങള്‍ ബിസിനസ് ക്ലാസ് വിസ കാറ്റഗറി വഴിയാണ് ഇന്ത്യയില്‍ എത്തേണ്ടത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഏപ്രില്‍ 15വരെ ഇത്തരം വിസകള്‍ അനുവദനീയമല്ല.
ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന നിര്‍ദ്ദേശം ശക്തമായി ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനല്‍ മത്സരം.
ഐപിഎല്‍ മാറ്റിവക്കണമെന്നും അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചു. മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച നടക്കുന്ന ഗവേണിംഗ് ബോഡി മീറ്റിംഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാവും. സാഹചര്യങ്ങള്‍ പഠിക്കുകയാണെന്നും ഉടന്‍ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: