ബീജിങ്: വിവിധ രാജ്യങ്ങളിലായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,000 കടന്നു. 4,200 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധയുള്ള ഇറ്റലിയില്‍ രോഗികളുടെ എണ്ണം 10,149 ആയി. തിങ്കളാഴ്ച 168 പേര് കൂടി മരിച്ചതോടെ ഇറ്റലിയില്‍ ആകെ മരണം 631 ആയി. മരിച്ചവരെല്ലാം അമ്പതു വയസ്സിനു മുകളിലുള്ളവരാണ്.
ഇറാനിലെ കൊറോണ പ്രതിരോധ പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ പരമാധികാരി അയത്തൊള്ള ഖമേനി, പ്രസിഡന്റ് ഹസ്സന് റൂഹാനിയെ ചുമതലപ്പെടുത്തി. 9000 പേര്‍ക്കാണ് ഇതുവരെ ഇറാനില്‍ രോഗം സ്ഥിരീകരിച്ചത്. 354 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ജപ്പാനിലും ദക്ഷിണ കൊറിയയിലും ചൈനയിലും കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ വൈറസ് ബാധിതര്‍ വര്‍ധിച്ചു. ജപ്പാനില്‍ ഇന്നലെ മാത്രം 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയില്‍ 242 പേര്‍ക്കും ചൈനയില്‍ 24 പേര്‍ക്കും ഇന്നലെ കൊറോണ കണ്ടെത്തി. വ്യാപനം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ ഹുബയ് പ്രവിശ്യയിലെ നിയന്ത്രണങ്ങള്‍ക്ക് ചൈന ഇളവ് നല്‍കിത്തുടങ്ങി. പൊതുഗതാഗത സംവിധാനങ്ങളും വ്യവസായങ്ങളും പഴയ നിലയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചൈന.
അതേസമയം, ഇന്തോനേഷ്യയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജര്‍മനിയുടെ ആകെ ജനസംഖ്യയുടെ 80 ശതമാനത്തിനും കൊറോണ ബാധിച്ചേക്കുമെന്ന് കണക്കുകൂട്ടിയിരുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ആഗോള വൈറസ് വ്യാപന പട്ടികയില്‍ അഞ്ചാമതുള്ള ജര്‍മനിയില്‍ 1296 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, രണ്ടു പേര്‍മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: