ചെന്നൈ : സംസ്ഥാന മുഖ്യമന്ത്രിയാകാനില്ല, പാര്‍ട്ടി അധ്യക്ഷനായി ഭരണം നിരീക്ഷിക്കുമെന്ന് രജനീകാന്ത്. രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ നടക്കുന്ന മക്കള്‍ നീതി മന്‍ട്രം രാഷ്ട്രീയ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് രജനീകാന്ത് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറയുമെന്ന് രജനീകാന്തിന്റെ ഉപദേശകന് കൂടിയായ തമിഴരുവി ബുധനാഴ്ച അറിയിച്ചിരുന്നു.
രാഷ്ട്രീയവും വ്യവസ്ഥയും മാറണം. അത് നന്നാകാതെ പാര്‍ട്ടികള്‍ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസ്സിലും ഉണ്ടാകണം. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. മുഖ്യമന്ത്രിയാകാനില്ല. പാര്‍ട്ടി അധ്യക്ഷനാകും. ഭരണനിര്‍വഹണം നിരീക്ഷിക്കും. തെറ്റുകള്‍ തിരുത്തും.
മാറ്റം ജനമനസ്സിലും ഉണ്ടാകണം. വിരമിച്ച ഉദ്യോഗസ്ഥരേയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. രാഷ്ട്രീയപാര്‍ട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. സത്യത്തിനും നിസ്വാര്‍ഥതയ്ക്കും അസാമാന്യശക്തിയുണ്ട്. 60-65 ശതമാനം പദവികള്‍ യുവാക്കള്‍ക്കു നല്‍കുമെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രജനീകാന്ത് അറിയിച്ചു.
2017 ഡിസംബര്‍ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാകുമെന്ന് ആദ്യം പ്രഖ്യാപനം നടത്തിയതാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണു രജനി മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ യോഗമാണ്. അതേസമയം തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14ന് പാര്‍ട്ടി പ്രഖ്യാപനവും സെപ്തംബറില്‍ ആദ്യ പൊതുയോഗവും നടത്തുമെന്നും സൂചനയുണ്ട്. ആദ്യ പൊതുയോഗം തിരുച്ചിറപ്പള്ളിയിലോ മധുരയിലോ നടക്കാനാണു സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: