തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ സുഖിപ്പാക്കാനായി അഡ്വ. ഹരീഷ് വാസുദേവന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഡിവിഷന് ബെഞ്ചിന്റെ നടപടി ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ദല്‍ഹി കലാപം ഊതിക്കത്തിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കിയതിനാണ് ആദ്യം താക്കീതും, പിന്നീട് മുന്നറിയിപ്പും, ഒടുവില്‍ താല്‍ക്കാലിക വിലക്കും ഇരു ചാനലുകള്‍ക്കുമെതിരെയും എടുക്കേണ്ടി വന്നത്. കലാപബാധിത മേഖലകളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വതയും ആത്മസംയമനവും ഇരു ചാനലുകളുടെയും ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നതു കൊണ്ടു തന്നെയാണ് നടപടി വേണ്ടിവന്നതെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ചാനലുകള്‍ക്കുമെതിരെ താല്ക്കാലികമായ നടപടിയെടുത്തത് നിയമാനുസൃതമായി തന്നെയാണെന്ന് ഇന്നത്തെ കോടതി പരാമര്‍ശത്തിലൂടെ കൂടുതല്‍ വ്യക്തമായി. സമൂഹത്തെ ഭാവിയിലേക്ക് കൈ പിടിച്ച് നടത്തേണ്ടവരാണ് മാധ്യമങ്ങള്‍. അവര്‍ക്കു വഴിതെറ്റിയാല്‍ പൊതു സമൂഹത്തിനാണ് വഴി തെറ്റുന്നത്. അങ്ങനെയുണ്ടാകരുതെന്ന ബോധ്യത്തോടും താക്കീതെന്ന നിലയിലുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കേരളാ ഹൈക്കോടതിയുടെ നിരീക്ഷണവും നടപടിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ താല്‍ക്കാലികമായി വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ സ്വകാര്യ ഹര്‍ജിക്ക് തന്നെ നിലനില്‍പ്പില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി എന്നാണ് മനസിലാക്കുന്നത്. ദില്ലി കലാപം ഊതിക്കത്തിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കിയതിനാണ് ആദ്യം താക്കീതും, പിന്നീട് മുന്നറിയിപ്പും, ഒടുവില്‍ താല്‍ക്കാലിക വിലക്കും ഇരു ചാനലുകള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന് എടുക്കേണ്ടി വന്നത്. കലാപബാധിത മേഖലകളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വതയും ആത്മസംയമനവും ഇരു ചാനലുകളുടെയും ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നതു കൊണ്ടു തന്നെയാണ് നടപടി വേണ്ടിവന്നത്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്സ് നിയമത്തില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖയുണ്ട്.
സ്വകാര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ ചട്ടങ്ങള്‍ ഊന്നിപ്പറഞ്ഞതും രാജ്യത്ത് ടെലിവിഷന്‍ സംപ്രേഷണത്തിന് കൃത്യമായ നിയമങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ടെലിവിഷന്‍ വാര്‍ത്താ സംപ്രേഷണത്തിന് നിയമ പ്രകാരമുള്ള നിയന്ത്രണം ഇല്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഹൈക്കോടതി നിരീക്ഷിച്ചതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞു തന്നെയാകണം. പ്രഥമദൃഷ്ട്യാ തന്നെ ഹര്‍ജി നിലനില്‍ക്കില്ലെന്നും, നിയമവിരുദ്ധവും ധാര്‍മികമല്ലാത്തതുമായ എന്തും ടെലിവിഷനിലൂടെ കാണിക്കണം എന്നാണോ ഹര്ജിക്കാരന് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചതും മറക്കരുത്.
എന്തായാലും സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള ഇരു ചാനലുകള്‍ക്കുമെതിരെ താല്ക്കാലികമായ നടപടിയെടുത്തത് നിയമാനുസൃതമായി തന്നെയാണെന്ന് ഇന്നത്തെ കോടതി പരാമര്‍ശത്തിലൂടെ കൂടുതല്‍ വ്യക്തമാകുകയാണ്. സമൂഹത്തെ ഭാവിയിലേക്ക് കൈ പിടിച്ച് നടത്തേണ്ടവരാണ് മാധ്യമങ്ങള്‍.അവര്‍ക്കു വഴിതെറ്റിയാല്‍ പൊതു സമൂഹത്തിനാണ് വഴി തെറ്റുന്നത്. അങ്ങനെയുണ്ടാകരുതെന്ന ബോധ്യത്തോടും താക്കീതെന്ന നിലയിലുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കേരളാ ഹൈക്കോടതിയുടെ നിരീക്ഷണവും നടപടിയും.
സത്യത്തിന്റെ മെഴുകുതിരി നാളത്തെ, അസത്യത്തിന്റെ കൈകള്‍ എത്ര പൊതിഞ്ഞു പിടിക്കാന്‍ ശ്രമിച്ചാലും ഒരു നാള് ആ വെളിച്ചം പുറത്തു വരും. അതിന്റെ ദൃഷ്ടാന്തമാണ് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ഇന്നുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: